Full Marks | 1200ൽ 1200 മാർക്; പ്ലസ് ടു പരീക്ഷയിൽ കാസർകോടിന് അഭിമാനമായി വഫ അശ്റഫ്; മുഴുവൻ മാർക് നേടിയ ജില്ലയിലെ ഏക വിദ്യാർഥി
പിലിക്കോട് വെള്ളച്ചാൽ സ്വദേശിനിയാണ്
കാസർകോട്: (KasargodVartha) പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർകും നേടി കുട്ടമത്ത് ഗവ. ഹയർസെകൻഡറി സ്‌കൂൾ വിദ്യാർഥി വഫ അശ്റഫ് ജില്ലയ്ക്ക് അഭിമാനമായി. സയൻസ് വിദ്യാർഥിയായ വഫ 1200ൽ 1200 മാർകും നേടിയാണ് അതുല്യം നേട്ടം കൈവരിച്ചത്. മുഴുവൻ മാർക് നേടിയവരുടെ പട്ടികയിൽ ജില്ലയിൽ നിന്നുള്ള ഏക വിദ്യാർഥിയാണ് ഈ മിടുക്കി.
പിലിക്കോട് വെള്ളച്ചാൽ സ്വദേശിനിയാണ്. നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഭാവിയിൽ കാർഡിയോളജി ഡോക്‌ടറാകണമെന്നാണ് ആഗ്രഹമെന്നും വഫ അശ്റഫ് കാസർകോട് വാർത്തയോട് പറഞ്ഞു. ഒന്ന് മുതൽ ഏഴ് വരെ ശാർജയിലെ ഇൻഡ്യൻ സ്‌കൂളിലായിരുന്നു പഠനം. തുടർന്ന് കുട്ടമത്ത് ഗവ. ഹയർസെകൻഡറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയായിരുന്നു എസ്എസ്എൽസി പൂർത്തിയാക്കിയത്. പ്ലസ് വണിലും മുഴുവൻ മാർകും നേടിയിരുന്നു. ശാർജയിലെ ഇൻഡ്യൻ സ്കൂൾ അധ്യാപകൻ കെ അശ്‌റഫ് - വെള്ളച്ചാൽ ജിഎംആർഎസിലെ അധ്യാപിക എൻ റസിയ ദമ്പതികളുടെ മകളാണ്. കോഴിക്കോട് കെഎംസിടിയിൽ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥിനിയായ ശിഫ അശ്‌റഫ് ഏക സഹോദരിയാണ്.