Appointment Delay | കാസർകോട്ടെ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിലെ കാലതാമസം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
● 2024 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇനിയും നിയമനം ലഭിച്ചിട്ടില്ല.
● തസ്തിക മാറ്റം വഴി 25 ശതമാനം മാത്രം നിയമനം നൽകാമെന്ന നിയമം ലംഘിച്ച് കൂടുതൽ തസ്തികകൾ മാറ്റിവയ്ക്കുന്നതായും ആരോപിക്കുന്നു.
● അടുത്ത മാസം കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും.
കാസർകോട്: (KasargodVartha) ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അധ്യാപക ഒഴിവുകൾ നികത്തുന്നതിൽ കാലതാമസം സംഭവിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. അധ്യാപക ഒഴിവുകളിൽ നിയമനം നടത്താനുള്ള കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദേശിച്ചു.
ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകൾ നികത്തുന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കന്ററി വിഭാഗം) മനപൂർവം കാലതാമസം വരുത്തുന്നതായി ആരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ കഴിയുന്ന വിധത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
2024 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇനിയും നിയമനം ലഭിച്ചിട്ടില്ല. ഇക്കണോമിക്സ് വിഭാഗത്തിൽ മാത്രം 105 ഒഴിവുകൾ ഉണ്ടായിട്ടും ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. തസ്തിക മാറ്റം വഴി 25 ശതമാനം മാത്രം നിയമനം നൽകാമെന്ന നിയമം ലംഘിച്ച് കൂടുതൽ തസ്തികകൾ മാറ്റിവയ്ക്കുന്നതായും ആരോപിക്കുന്നു.
പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലും സമാനമായ സ്ഥിതിയാണ്. ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിയമം ഉണ്ടായിട്ടും ഇത് ലംഘിക്കപ്പെടുന്നതായി പരാതിയിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കന്ററി വിഭാഗം) ഈ പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത മാസം കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും.
#Kasaragod #TeacherAppointments #EducationIssue #HumanRights #KeralaGovernment #PSC