Coaching | ഡിഗ്രിക്കാരന്‍ പയ്യന്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് ക്ലാസ് എടുക്കുന്നു; വരുമാനം നേടി കാസര്‍കോട്ടുകാരന്‍ സായൂജ് കാര്‍ സ്വന്തമാക്കി
പി എസ് സി, കെ എ എസ് എന്നീ പരീക്ഷകള്‍ക്ക് ശ്രമിക്കുന്നവരും ക്ലാസിലുണ്ട്.
മെഡികല്‍ വിദ്യാര്‍ഥിയായ ചേച്ചിയുടെ സഹായവും ലഭിക്കുന്നു.
ഒരാള്‍ക്ക് ഈയടുത്ത് ഭൂനികുതി വകുപ്പ് ജോലി ലഭിച്ചു.
കാസര്‍കോട്: (KasargodVartha) ഡിഗ്രിക്കാരന്‍ പയ്യന്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് ക്ലാസ് എടുക്കുന്നു. കാസര്‍കോട് എടനീര്‍ സ്വദേശിയായ സായൂജ് (21) ആണ് നൂറോളം പേര്‍ക്ക് ഓണ്‍ലൈന്‍ വഴി സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ക്ലാസെടുത്ത് പണം സമ്പാദിക്കുന്നത്. ഇത്തരത്തില്‍ കഠിന പ്രയത്‌നം കൊണ്ട് ക്ലാസെടുത്ത് സമ്പാദിച്ച പണം കൊണ്ടാണ് സായൂജ് പുതിയ കാര്‍ സ്വന്തമാക്കിയത്.
ചെറുപ്രായത്തില്‍ തന്നെ സിവില്‍ സര്‍വീസായിരുന്നു സായൂജിന്റെ മനസ്സ് നിറയെ ഉണ്ടായിരുന്നത്. ബിരുദ പഠനത്തോടൊപ്പം സ്വന്തമായി സിവില്‍ സര്‍വീസ് പഠനവും ആരംഭിക്കുകയായിരുന്നു. അതിനിടയ്ക്കാണ് താന്‍ പഠിക്കുന്ന മെറ്റീരിയലുകള്‍ കോര്‍ത്തിണക്കി യൂട്യൂബില്‍ സമഗ്രമായ ക്ലാസ് എടുക്കാന്‍ ആരംഭിച്ചത്. ഇത് സായൂജിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി.
യൂട്യൂബില്‍ ക്ലാസ് കണ്ട് ഇഷ്ടപ്പെട്ട നിരവധി പേര്‍ ഓണ്‍ലൈന്‍ കോചിങ്ങിനായി സായൂജിനെ സമീപിക്കുകയായിരുന്നു. 10 പേരായി തുടങ്ങിയ കോചിങ് ഇന്ന് ഒരു എജ്യുകേഷണല്‍ കമ്യൂണിറ്റിയായി മാറിയിരിക്കുകയാണ്.
സിവില്‍ സര്‍വീസ് എന്ന സ്വപ്നം പൂര്‍ത്തിയാക്കി ഒരു ബ്യൂറോക്രാറ്റായി തിളങ്ങാനാണ് തന്റെ ആഗ്രഹമെന്ന് സായൂജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വലുതായാല്‍ ഐഎഎസ് ജോലിയല്ലാതെ മറ്റൊന്നുമില്ലെന്ന ചിന്തയായിരുന്നു ചെറുപ്രായത്തില്‍. രണ്ടു വര്‍ഷമായി ഡിഗ്രി പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് തപസ്യയായി സ്വീകരിച്ചു കഴിഞ്ഞു.
രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ മൂന്നാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിയാണ് സായൂജ്. പഠിപ്പിക്കാന്‍ താത്പര്യമുള്ളത് കൊണ്ട് ചില സ്ഥാപനങ്ങളില്‍ പാര്‍ട് ടൈം ക്ലാസെടുക്കാന്‍ പോയിരുന്നു. പഠനവും ക്ലാസുകളുമായി മുന്നോട്ട് പോവുമ്പോഴാണ് 10 പേരില്‍ ആരംഭിച്ച് ഉന്നത പഠനത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്.
10 പേരായിരുന്നു ആദ്യം ക്ലാസിലുണ്ടായിരുന്നത്. സായൂജിന്റെ ക്ലാസ് വളരെയേറെ പ്രയോജനം സൃഷ്ടിച്ചതോടെ നിലവില്‍ നൂറിനടുത്ത് ആളുകള്‍ ക്ലാസില്‍ പഠിതാക്കളായുണ്ട്. വെറും 500 രൂപയാണ് പഠിതാക്കളില്‍ നിന്ന് ഫീസായി സ്വീകരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കയ്യില്‍ നിന്നും പണം വാങ്ങാറില്ല. രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് 10 മണി വരെയാണ് നടക്കുന്നത്. ചിലപ്പോള്‍ അത് നീണ്ടുപോവാറുണ്ട്.
മറ്റുള്ളവര്‍ പഠിതാക്കളും താന്‍ ക്ലാസെടുക്കുന്ന ആളുമാണെന്നത് സത്യമാണെങ്കിലും വിദ്യാഭ്യാസ കൂട്ടായ്മയെന്ന് പറയാനാണ് ആഗ്രഹിക്കുന്നതെന്നും ഞങ്ങളെല്ലാം ഒരേ ലക്ഷ്യത്തിനുള്ള പോരാട്ടത്തിലാണെന്നും സായൂജ് പറയുന്നു. പി എസ് സി, കെ എ എസ് എന്നീ പരീക്ഷകള്‍ക്ക് ശ്രമിക്കുന്നവരും തന്റെ ക്ലാസിലുണ്ടെന്ന് സായൂജ് സാക്ഷ്യപ്പെടുത്തുന്നു. ഒരാള്‍ക്ക് ഈയടുത്ത് ഭൂനികുതി വകുപ്പില്‍ ജോലി ലഭിച്ചത് ഏറെ സന്തോഷം പകരുന്നതാണെന്നും തന്റെ ക്ലാസുകൊണ്ട് ഫലം കിട്ടി തുടങ്ങിയെന്നും സായൂജ് വ്യക്തമാക്കി.
പലരും ഫീസ് കൂട്ടി വാങ്ങിക്കാന്‍ പറയാറുണ്ട്. എന്നാല്‍, എനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ സാധിക്കാന്‍ ഇപ്പോള്‍ വാങ്ങുന്ന ഫീസില്‍നിന്ന് ലഭിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ എനിക്ക് ആവശ്യമില്ല. സിവില്‍ സര്‍വീസില്‍ ഞാന്‍ എന്തായാലും കയറിപ്പറ്റുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അത്തരത്തില്‍ കയറിപ്പറ്റിയാല്‍ ഫീസില്ലാതെ തന്നെ പഠിപ്പിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഞാന്‍ വെറും ഡിഗ്രി വിദ്യാര്‍ഥിയാണെന്ന് പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് അറിയാം. അവര്‍ക്കെല്ലാം ക്ലാസ് നന്നായി മനസ്സിലാവുന്നുവെന്നാണ് വിശ്വാസം.
പഠനത്തിനായി ഞാന്‍ പഠിച്ചെടുക്കുന്നത് കോചിങ് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കുന്നുവെന്ന് വേണം പറയാന്‍. സിവില്‍ സര്‍വീസ് സിലബസ് ഞാന്‍ കവര്‍ ചെയ്തിട്ടുണ്ട്. സത്യത്തില്‍ ഈ ക്ലാസ് എന്റെ പഠനത്തിന് വളരെ ഉപകാരപ്രദമാണ്. പഠനം രാത്രിയിലാണ് പ്രധാനമായും നടക്കുന്നത്.
ആത്മാര്‍ഥതയോടെ പഠിക്കുമ്പോള്‍, ചിലപ്പോള്‍ സമയം പോയത് അറിയാറില്ല. പുലര്‍ചെ മൂന്ന് മണി വരെ പഠനം നീണ്ട് പോവാറുണ്ട്. ആറ് മണിക്ക് എഴുന്നേല്‍ക്കും. ഇന്‍ഡ്യന്‍ എക്‌സ്പ്രസ്, ദി ഹിന്ദു തുടങ്ങിയ മുന്‍നിര പത്രങ്ങള്‍ വായിച്ച് നോട്‌സ് തയ്യാറാക്കലാണ് രാവിലെയുള്ള ജോലി. ഞാന്‍ എടുക്കുന്ന ക്ലാസ് എനിക്ക് തന്നെ റിവിഷനാണ്.
യൂട്യൂബ്, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയില്‍ നിന്ന് നിലവില്‍ വരുമാനം ലഭിക്കുന്നുണ്ട്. വെകേഷന്‍ സമയത്ത് അധികം ക്ലാസുകളും യൂട്യൂബില്‍ വീഡിയോയയും ചെയ്യുന്നത് കൊണ്ട് അധികം വരുമാനവും ലഭിക്കാറുണ്ട്. ലഭിച്ച വരുമാനത്തില്‍ നിന്ന് സ്വന്തമായൊരു കാര്‍ വാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നു.
മെഡികല്‍ വിദ്യാര്‍ഥിയായ മൂത്ത സഹോദരിയാണ് സയന്‍സ് വിഷയങ്ങളില്‍ ചിലത് കൈകാര്യം ചെയ്യുന്നത്. സഹോദരിയുടെ പിന്തുണ ഈ യാത്രയില്‍ വളരെ പ്രാധാന്യമേറിയതാണ്. കുടുംബത്തിന്റെ പൂര്‍ണ സഹകരണം തനിക്ക് ലഭിക്കുന്നുണ്ടെന്നും സായൂജ് കൂട്ടിച്ചേര്‍ത്തു. പട്ടാളത്തില്‍ രാജ്യസേവനം ചെയ്ത് വിരമിച്ച വ്യക്തിയാണ് അച്ഛന്‍. മാതാവ് വീട്ടമ്മയാണ്.