School Camp | തെരഞ്ഞെടുത്ത ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് വിവിധ മേഖകളിൽ പരിശീലനം; 'ക്രാഫ്റ്റ്- 22 ക്യാംപ്' ഏപ്രിൽ 27, 28, 29ന് കോളിയടുക്കം സ്‌കൂളിൽ; ഒരുക്കങ്ങൾ പൂർത്തിയായി
Apr 26, 2022, 20:38 IST
കാസർകോട്: (www.kasargodvartha.com) 'ക്രാഫ്റ്റ്- 22' എന്ന പേരിൽ ഏപ്രിൽ 27, 28, 29 തീയതികളിൽ കോളിയടുക്കം ഗവ. യു പി സ്കൂളിൽ വെച്ച് നടക്കുന്ന ത്രിദിന ക്യാംപിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സമഗ്ര ശിക്ഷാ കേരളം, ഹരിത കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പൈലറ്റായി നടപ്പിലാക്കുന്ന ഈ ക്യാംപിന്റെ ഉദ്ഘാടനം 27ന് രാവിലെ 9.30ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും.
ഏഴാം തരത്തിൽ പഠിക്കുന്ന 40 കുട്ടികളാണ് ക്യാംപിന്റെ ഗുണഭോക്താക്കൾ. പ്രത്യേക പരിഗണന അർഹിക്കുന്ന (CWSN) അഞ്ച് കുട്ടികളും ഉണ്ടാകും. ഈ കുട്ടികളുടെ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായത്തിനുമായി ഒരു കുട്ടിക്ക് ഒന്ന് എന്ന നിലയിൽ റിസോഴ്‌സ് അധ്യാപകരുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്. കൃഷി, ആഹാരം, വീട്ടുപകരണനിർമാണം, കളിപ്പാട്ട നിർമാണം, കരവിരുത് എന്നിങ്ങനെ അഞ്ച് മേഖലകളാണ് ക്യാംപിൽ പ്രവർത്തനങ്ങൾ ഒരുക്കുന്നത്. ഒഴിവുസമയം ആസ്വാദ്യകരമാക്കുന്നതിനും അതിലൂടെ പുതിയ വിജ്ഞാനലോകം സ്വായത്തമാക്കലും ലക്ഷ്യമിടുന്ന ഈ ക്യാമ്പിൽ ഓരോ മേഖലക്കും ഓരോ പേരുകൂടി നൽകിയിട്ടുണ്ട്.
ആവശ്യമായ ഭക്ഷണം ഒരുക്കുന്നത് സ്കൂൾ പിടിഎ, എസ്എംസി, മദർ പിടിഎ, പ്രാദേശികസമിതികൾ എന്നിവയുടെ നേതൃത്വത്തിലാണ്. ഭക്ഷണത്തിനാവശ്യമായ വസ്തുക്കൾ പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച് ഘോഷയാത്രയായി സ്കൂളിലെത്തിക്കും. 26ന് കലവറ നിറക്കൽ ഘോഷയാത്ര കോളിയടുക്കം ടൗൺ കേന്ദ്രീകരിച്ച് നടക്കും. വിജയത്തിനായി സ്വാഗതസംഘം പ്രവർത്തിച്ചു വരുന്നു. വാർഡ് അംഗം ഇ മനോജ്‌കുമാർ ആണ് സ്വാഗതസംഘം ചെയർമാൻ. ക്യാംപിന്റെ ഭാഗമായി ഉണ്ടാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും സമാപനസമ്മേളനവും 29ന് ഉച്ചക്ക് 2.30 ന് നടക്കും. ജില്ലാപഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ക്യാംപിനോടനുബന്ധിച്ച് എല്ലാദിവസവും കലാപരിപാടികൾ ഉണ്ടാകും.
വാർത്താസമ്മേളനത്തിൽ എസ്എസ്കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ രവീന്ദ്രൻ പി, പ്രോഗ്രാം ഓഫീസർ
മധുസൂദനൻ എം എം, ഹരിദാസൻ സി, ശശിധരൻ കൈരളി, പവിത്രൻ ടി, ഗിരീഷ് ഹരിതം, വിജയകുമാർ ആർ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Press Club, Press meet, Students, Minister, Koliyadukkam, School, Education, 'Craft-22 Camp' on April 27,28,29 at Koliadukkam School