ജില്ല ചരിത്രത്തിലേക്ക്; സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനം ഞായറാഴ്ച
Oct 5, 2013, 12:30 IST
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാക്ഷരതാമിഷന്‍ വഴി നടപ്പിലാക്കിയ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ വിജ്ഞാന്‍ ജ്യോതിയുടെ പ്രഖ്യാപനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും.
ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുര്‍ റബ്ബ് അധ്യക്ഷത വഹിക്കും. കൂടുതല്‍ പഠിതാക്കളെ വിജയിപ്പിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി വിതരണം ചെയ്യും. പി. കരുണാകരന്‍ എം.പി., എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, പി.ബി. അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഗീതാ സജീവ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും, രാഷ്ട്രീയ, സന്നദ്ധസംഘടന നേതാക്കള്‍ പങ്കെടുക്കും.
ഒക്‌ടോബര്‍ 6 ന് രാവിലെ 10 മണിക്ക് വിജ്ഞാന്‍ ജ്യോതി പ്രദര്‍ശനം സംസ്ഥാനസാക്ഷരതാമിഷന്‍ അഡ്മിനിസ്‌ട്രേററീവ് കമ്മിററി ചെയര്‍മാന്‍ സലിം കരുവമ്പലം ഗവ. ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാഭ്യാസ സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
സംസ്ഥാന സാക്ഷരതാമിഷന്‍ അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍ മോഡറേറ്ററായി പ്രവര്‍ത്തിക്കും. 'വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിലേക്കുള്ള വഴി' എന്ന വിഷയം വി.എന്‍. ജിതേന്ദ്രന്‍ ഐ.എ.എസും, 'അധികാരവികേന്ദ്രീകരണവും വിദ്യാഭ്യാസവും' എന്ന വിഷയം ടി. ഗംഗാധരന്‍ മാസ്റ്ററും, 'അനൗപചാരിക വിദ്യാഭ്യാസവും സാമൂഹ്യശാക്തീകരണവും' എന്ന വിഷയം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്ററും, 'ഭാഷാന്യൂനപക്ഷമേഖലകളിലെ സാക്ഷരതാപ്രവര്‍ത്തനം' എന്ന വിഷയം പ്രൊഫ. എ. ശ്രീനാഥും അവതരിപ്പിക്കും. ചര്‍ച്ചകളില്‍ പങ്കെടുത്ത് സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.
പ്രഖ്യാപന പരിപാടിക്ക് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര 1.30ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.