സ്ഥാനമാനങ്ങൾ മറന്ന് കലോത്സവം കളറാക്കാൻ ഓലമടഞ്ഞ് പ്രധാന അധ്യാപകൻ; ചിറ്റാരിക്കൽ സബ് ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് നവംബർ 4-ന് തുടക്കമാകും
● ഉപജില്ലയിലെ 52 വിദ്യാലയങ്ങളിൽ നിന്നായി 305 ഇനങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കും
● കലോത്സവം ബുധനാഴ്ച രാവിലെ 11 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും
● ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് മാസ്റ്റർ ശ്രീപദ് യാൻ പരിപാടിയിൽ വിശിഷ്ടാതിഥിയായിരിക്കും
● ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം കലോത്സവത്തിൻ്റെ സോവനീർ പ്രകാശനം ചെയ്യും
-സുധീഷ് പുങ്ങംചാൽ
മാലോം: (KasargodVartha) ചിറ്റാരിക്കൽ സബ് ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 4 ബുധനാഴ്ച രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന് മുന്നോടിയായി നടത്തിയ വിളംബര കലവറ ഘോഷയാത്രയിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. പരിപാടിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓല കൊണ്ട് തയ്യാറാക്കുന്ന കൊട്ടമടയലിൽ ഹരിത കർമസേന പ്രവർത്തകർക്കൊപ്പം സ്കൂളിലെ പ്രധാന അധ്യാപകനും പങ്കുചേർന്നു.
മാതൃകയായി പ്രധാന അധ്യാപകൻ
43-ാമത് ചിറ്റാരിക്കൽ സബ് ജില്ലാ കേരള സ്കൂൾ കലോത്സവം നടക്കുന്ന മാലോത്ത് കസബ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകനായ എം കെ പ്രസാദ് ആണ് സ്കൂൾ മുറ്റത്തിരുന്ന് ഓലമടഞ്ഞ് താരമായത്. കുടുംബശ്രീ പ്രവർത്തകരും ഹരിത കർമസേന പ്രവർത്തകരും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിക്ക് വേണ്ടി സ്കൂളിൽ ഓല മടയാൻ എത്തിയപ്പോൾ, അവർക്കൊപ്പം പ്രസാദ് മാഷും അണിനിരക്കുകയായിരുന്നു. കലോത്സവം വൻവിജയമാക്കാൻ ഓടി നടക്കുന്ന സംഘാടക സമിതിയുടെ കൺവീനർ കൂടിയാണ് എം കെ പ്രസാദ്. പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കി കലോത്സവങ്ങൾ സംഘടിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ ഹരിതച്ചട്ടമാണ് ഇവിടെ പാലിക്കപ്പെടുന്നത്.
വിപുലമായ സംഘാടക സമിതി
ഉപജില്ലയിലെ 52 വിദ്യാലയങ്ങളിൽ നിന്നായി 305 മത്സര ഇനങ്ങളിൽ ആയിരത്തിലധികം കലാകാരന്മാർ കലോത്സവത്തിൽ പങ്കെടുക്കും. 7 സ്റ്റേജുകളിലായി നടക്കുന്ന കലോത്സവം നാളെ രാവിലെ 11 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം സോവനീർ പ്രകാശനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് മാസ്റ്റർ ശ്രീപദ് യാൻ വിശിഷ്ടാതിഥിയായിരിക്കും. ആർഡിഡി എ കെ വിനോദ് കുമാർ ആമുഖ പ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ ലത, പി വി അനു, മേഴ്‌സി മാണി, എം രാജൻ, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പിടിഎ പ്രസിഡൻ്റ് എൻ വി പ്രമോദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ എം ജോർജ് എന്നിവർ ആശംസകൾ നേരും.
സമാപനം നവംബർ 6-ന്
നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്കൂൾ പിടിഎ പ്രസിഡൻ്റ് എൻ വി പ്രമോദ് അധ്യക്ഷത വഹിക്കും. ഡിഡിഇ പി വി റഫീഖ് സമാപന സന്ദേശം നൽകും. വിജയികൾക്ക് ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ രാജു കട്ടക്കയം സമ്മാനങ്ങൾ വിതരണം ചെയ്യും.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Chittarikkal sub-district school Kalolsavam to begin on November 4 at Maloth.
#KasargodVartha #SchoolKalolsavam #Chittarikkal #KasaragodNews #GreenProtocol #KeralaEducation #MalothKasabaSchool #MalayalamNews #RenuNews









