city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍വകലാശാലയുടെ ഏഴാമത് സ്ഥാപകദിനം ആഘോഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 02/03/2015) കേന്ദ്രസര്‍വകലാശാലകള്‍ മറ്റു സംസ്ഥാന സര്‍വകലാശാലകളെക്കാള്‍ ഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടുകള്‍ ഗവേഷണ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നുവെന്ന് പ്രമുഖ വിദ്യാഭ്യസ വിചക്ഷണനായ പദ്മശ്രീ പ്രൊഫ. എന്‍.ആര്‍ മാധവമേനോന്‍ പറഞ്ഞു. കേന്ദ്രസര്‍വകലാശാലയുടെ ഏഴാമത് സ്ഥാപകദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍വകലാശാലകളില്‍ മറ്റു സര്‍വകലാശാലകളേക്കാള്‍ രാഷ്ട്രീയവല്‍ക്കരണം കുറവായതിനാല്‍ വിദ്യാഭ്യാസ നിലവാരം കൂടുതലാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കാസര്‍കോടിന്റെ സമഗ്രമായ വികസനത്തിന് അത്ഭുതാവാഹമായ പങ്ക് വഹിക്കുവാന്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കും- അദ്ദേഹം വ്യക്തമാക്കി.

2009 ലെ പാര്‍ലമെന്റ് ആക്ട് പ്രകാരമാണ് കേന്ദ്ര സര്‍വകലശാല കേരളത്തില്‍ കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയായ കാസര്‍കോടിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാല പെരിയയില്‍ സ്ഥാപിക്കപ്പെട്ടത്. കാസര്‍കോട് വിദ്യാനഗര്‍ ക്യാംപസില്‍ രണ്ട് പഠനവകുപ്പുകളുമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സര്‍വകലാശാല 2013 കേരളപ്പിറവി ദിനത്തില്‍ സ്വന്തം ക്യാംപസായ പെരിയയില്‍ വിവിധ പഠന വകുപ്പുകളും സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ വകുപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 17  പഠന വകുപ്പുകള്‍ സര്‍വകലാശാലയിലുണ്ട്. ഇതില്‍ തിരുവല്ല ലോ ക്യാംപസ്, തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലെ ബി.എ അന്താരാഷ്ട്ര പഠന വിഭാഗം എന്നിവ ഉള്‍പ്പെടുന്നു. 2011 ല്‍ ആദ്യമായി 310 ഏക്കര്‍ ഭൂമിയാണ് കേരളസര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയത്. ഇതിന്റെ കൂടെ ഇപ്പോള്‍ പെരിയയില്‍ 51 ഏക്കര്‍, തിരുവല്ലയില്‍ 10 ഏക്കര്‍  തിരുവനന്തപുരം കുടപ്പനകുന്നില്‍ അഞ്ച് ഏക്കര്‍ ഭൂമിയും സര്‍വകലാശാലയ്ക്ക് അനുവദിച്ചു.

പെരിയയില്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍വകലാശാല. മൂന്ന് നിലകളിലായി 214 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുവാനുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ട് ഹോസ്റ്റലുകളുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിച്ച് വരികയാണ്.

കാസര്‍കോടിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. ആ വികസന പ്രതീക്ഷ സാക്ഷാത്കരിക്കാന്‍ സര്‍വകലാശാല പ്രതിജ്ഞാബന്ധമാണെന്നും വൈസ് ചാന്‍സലര്‍ ഡോ- ജി. ഗോപകുമാര്‍ റിപോര്‍ട്ട് അവതരണത്തില്‍ സൂചിപ്പിച്ചു.

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ അച്ചടക്കത്തോടെ കാര്യക്ഷമതയോടെ നടത്തുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും, എത്രയും പെട്ടെന്നു തന്നെ ഒഴിവ് വന്ന എല്ലാ അധ്യാപക - അനധ്യാപക തസ്തികള്‍ നികത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ഈ അധ്യായന വര്‍ഷം നാല് പുതിയ പഠന വകുപ്പുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ഓഫ് മെഡിസിന്റെ കീഴില്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, സ്‌കൂള്‍ ഓഫ് ലാംഗേ്വജസ് ആന്‍ഡ് ലിറ്ററേച്ചറിന്റെ കീഴില്‍ എം.എ മലയാളം, എന്‍വയോണ്‍മെന്റ് സയന്‍സിന്റെ കീഴില്‍ എം.എസ്.സി ജിയോ സയന്‍സ്, സോഷ്യല്‍ സയന്‍സിന്റെ കീഴില്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

ചടങ്ങില്‍ കേരളകേന്ദ്ര സര്‍വകലാശാലയുടെ ചാന്‍സലറായ പദ്മഭൂഷണ്‍ വീരേന്ദര്‍ലാല്‍ ചോപ്ര അധ്യക്ഷത വഹിച്ചു. പരീക്ഷ കണ്‍ട്രോളര്‍ വി. ശശിധരന്‍ സ്വാഗതവും, റജിസ്ട്രാര്‍ എസ്. ഗോപിനാഥ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കേന്ദ്രസര്‍വകലാശാലയുടെ ഏഴാമത് സ്ഥാപകദിനം ആഘോഷിച്ചു

കേന്ദ്രസര്‍വകലാശാലയുടെ ഏഴാമത് സ്ഥാപകദിനം ആഘോഷിച്ചു

Keywords : Kasaragod, Kerala, Periya, Central University, Inauguration, Anniversary, Celebration, Programme, Education, Central University of Kerala Foundation Day Celebration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia