സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയം ഏറ്റെടുക്കുമെന്ന് എംപിക്ക് മന്ത്രിയുടെ ഉറപ്പ്
Jan 5, 2013, 18:05 IST
കാസര്‍കോട്: സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയം ഒന്ന് കേന്ദ്രീയ വിദ്യാലയ സമിതി ഏറ്റെടുക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പള്ളം രാജു, സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ പി കരുണാകരന്‍ എംപിയെ അറിയിച്ചു. കേന്ദ്ര സര്‍വകലാശാലക്ക് പെരിയയില്‍ തറക്കല്ലിടാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം എംപിയെ അറിയിച്ചത്.
സിപിസിആര്‍ഐയുടെ കീഴില്‍ കാസര്‍കോട് ചൗക്കിയില്‍ 1980ലാണ് കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. പ്രതിവര്‍ഷം 1.20 കോടി രൂപ പ്രവര്‍ത്തന ചെലവുള്ള വിദ്യാലയത്തിന്റെ തുടര്‍ഗതി മുന്നോട്ട് കൊണ്ടുപോകുന്നത് സിപിസിആര്‍ഐയുടെ ഫണ്ടുപയോഗിച്ചാണ്. അതേസമയം ഗവേഷണത്തിനും മറ്റുമുള്ള ഫണ്ട് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിനായി തുടര്‍ന്ന് അനുവദിക്കാന്‍ പ്രയാസമാണെന്നാണ് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) അറിയിച്ചതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെചൊല്ലി ആശങ്കയുയര്‍ന്നിരുന്നു.
തുടര്‍ന്ന് പി കരുണാകരന്‍ എംപി ഇടപെട്ട് സ്‌കൂള്‍ കേന്ദ്രീയ വിദ്യാലയ സമിതി ഏറ്റെടുക്കണമെന്ന് വകുപ്പ് മന്ത്രി പള്ളംരാജുവിനോടും ശശി തരൂരിനോടും ആവശ്യപ്പെട്ടിരുന്നു. എംപിയുടെ ആവശ്യം പരിഗണിച്ച് ഭാവി വികസനത്തിനാവശ്യമായ സ്ഥലം കൂടി നല്‍കാന്‍ സിപിസിആര്‍ഐ സന്നദ്ധമായാല്‍ എത്രയുംപെട്ടെന്ന് സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സിപിസിആര്‍ഐയുടെ 2.81 ഏക്കര്‍ ഭൂമിയിലുള്ള വിദ്യാലയത്തില്‍ മുന്നൂറ്റമ്പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
Keywords: CPCRI, kasaragod, Chowki, P.Karunakaran-MP, Kerala, Education, Minister