എസ് എസ് എൽ സി പരീക്ഷയിൽ കാസർകോട്ടെ വിദ്യാലയങ്ങൾക്ക് മികച്ച നേട്ടം
കാസർകോട്: (www.kasargodvartha.com 15.07.2021) എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയം നേടി ജില്ലയിലെ വിദ്യാലയങ്ങൾ. കാസർകോട്ട് വിദ്യാഭ്യാസ ജില്ലയിൽ 35 സര്‍കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും 18 അണ്‍ എയ്ഡഡ് സ്‌കൂളുകളും കാഞ്ഞങ്ങാട്ട് 50 സര്‍കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും എട്ട് അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി നേടി.
വെള്ളച്ചാൽ എം ആർ എസിന് 14-ാം തവണയും നൂറുമേനി
തൃക്കരിപ്പൂർ: എസ് എസ് എൽ സി പരീക്ഷയിൽ വെളളച്ചാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ എല്ലാ വിദ്യാർഥികളും ഉന്നത പഠനത്തിന് അർഹത നേടി. പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വെള്ളച്ചാൽ എം ആർ എസിലെ 14-ാം എസ് എസ് എൽ സി ബാചാണിത്. എല്ലാ വർഷവും നൂറുമേനി നേടിയ സ്കൂളിൽ ഇപ്രാവശ്യം 30 പേരാണ് പരീക്ഷയെഴുതിയത്.
10 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ 10 പേർക്ക് ഒമ്പത് എപ്ലസ് ഗ്രേഡുണ്ട്. മിക്ക വിദ്യാർഥികളും അധിക വിഷയങ്ങളിലും മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അഞ്ചാംതരം മുതൽ പത്ത് വരെ സൗജന്യമായി മികച്ച താമസ സൗകര്യത്തോടെ പഠനാവസരമൊരുക്കുകയാണ് വകുപ്പിന്റെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ.
പഠന രംഗത്ത് മികവ് ഉറപ്പാക്കുന്നതൊടൊപ്പം കലാ കായിക മേഖലകളിലും ഉന്നത പരിശീലനം നൽകുന്നു. നിലവിൽ 170 നു മുകളിൽ വിദ്യാർഥികൾ വെള്ളച്ചാൽ എം ആർ എസിൽ പഠിക്കുന്നു. എട്ട് ഏകെർ വിസ്തൃതിയിൽ അതിവിശാലമായ ക്യാമ്പസിൽ സ്കൂൾ, ഹോസ്റ്റൽ എന്നിവക്ക് ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം കെട്ടിടങ്ങളുണ്ട്. ഹയർ സെകൻഡറി ഹോസ്റ്റൽ കെട്ടിടം പണി പൂർത്തിയായി. മികച്ച വിജയം നേടിയതിന് വിദ്യാർഥികളെയും അധ്യപകരേയും ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ് മീനാറാണി അഭിനന്ദിച്ചു.
മുഹിമ്മാത് ഹയർ സെകൻഡറി സ്‌കൂളിന് ഇത്തവണയും നൂറു മേനി
പുത്തിഗെ: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഹിമ്മാത് ഹയർ സെകൻഡറി സ്‌കൂളിന് മൂന്ന് മീഡിയമുകളിലും ഇക്കുറിയും നൂറുമേനി. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന അണ്‍ എയ്ഡഡ് വിദ്യാലയമാണ് മുഹിമ്മാത്. ഇംഗ്ലീഷ്, മലയാളം, കന്നട എന്നിങ്ങനെ മൂന്നു മീഡിയമുകളില്‍ ഇവിടെ പഠനം നടക്കുന്നുണ്ട്. ഈ വർഷം 219 കുട്ടികളാണ് പരീക്ഷ എഴുതിയത്. 21 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും 15 വിദ്യാര്‍ഥികള്‍ ഒമ്പത് വിഷയങ്ങളിലും 18 വിദ്യാര്‍ഥികള്‍ എട്ട് വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.
ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ സ്‌കൂളാണ് മുഹിമ്മാത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ പഠന കാലത്ത് ആയിരത്തിലേറെ വിഷയാധിഷ്ടിതമായ വീഡിയോകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികളിലെത്തിച്ച്
മുഹിമ്മാത് ഹയര്‍ സെകൻഡറി സ്‌കൂള്‍ സംസ്ഥാനത്തുതന്നെ മാതൃകയായിട്ടുണ്ട്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനജ്‌മെന്റും പിടിഎ കമിറ്റിയും അഭിനന്ദിച്ചു.
മികച്ച നേട്ടവുമായി നായന്മാർമൂല തൻബീഉൽ ഇസ്ലാം സ്‌കൂൾ
നായന്മാർമൂല: എസ് എസ് എല്‍ സി പരീക്ഷയില്‍ പരീക്ഷയിൽ മികച്ച വിജയം നേടി നായന്മാർമൂല തൻബീഉൽ ഇസ്ലാം സ്‌കൂൾ. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ വിദ്യാലയമാണിത്. 746 വിദ്യാർഥികളിൽ 745 പേരും വിജയിച്ചു. ഒരു കുട്ടിക്ക് കണക്ക് പരീക്ഷയ്ക്ക് കോവിഡ് ലോക് ഡൗൺ മൂലം പരീക്ഷക്കെത്താൻ കഴിഞ്ഞില്ല. ബാക്കി ഒമ്പത് വിഷയങ്ങളിലും കുട്ടി വിജയിച്ചിട്ടുണ്ട്. 94 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിന് മികച്ച വിജയം
ചട്ടഞ്ചാൽ: എസ് എസ് എല്‍ സി പരീക്ഷയില്‍ ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിന് മികച്ച വിജയം. 99.65 ശതമാനം വിജയം. പരീക്ഷയെഴുതിയ 571 പേരിൽ 569 വിദ്യാര്‍ഥികളും വിജയിച്ചു. 183 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി.
ജില്ലയിലെ പഠന മികവിൽ നിറഞ്ഞ് നിൽക്കുന്ന ചട്ടഞ്ചാൽ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകയാണ്. ചിട്ടയായ അധ്യാപനം, കരുതൽ, പ്രവർത്തന സജ്ജമായ പി ടി എ, മാനജ്മെൻ്റ് എല്ലാം ഒന്നായി ചേർന്നതിൻ്റേത് കൂടിയാണ് ഈ വിജയം.
നീലേശ്വരം രാജാസിന് ഉജ്വല വിജയം
നീലേശ്വരം: എസ് എസ് എല്‍ സി പരീക്ഷയില്‍ നിലേശ്വരം രാജാസ് ഹയർ സെകൻഡറി സ്കൂളിന് ഉജ്വല വിജയം. 99.7 ശതമാനം വിജയമാണ് രാജാസിനുള്ളത്. 354 പേർ പരീക്ഷ എഴുതിയതിൽ 353 പേരും ജയിച്ചു. ഒരു കുട്ടിയുടെ തോൽവിയിൽ നൂറ് ശതമാനം വിജയം നഷ്ടമായി. 79 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
Keywords: Kasaragod, News, Kerala, SSLC, Education, School, Puthige, Chattanchal, Nileshwaram, Top-Headlines, Best performance for schools in SSLC examination.