Vehicle Control | പനയമ്പാടം അപകടം: സ്‌കൂളുകളിലും പരിസരത്തും സുരക്ഷ പ്രധാനം; വേണം രാവിലെയും വൈകുന്നേരവും വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
● സ്‌കൂളുകൾ സാധാരണയായി തിരക്കേറിയ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
● വാഹന ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും ആവശ്യമാണ്.
● ടിപർ ലോറികൾക്ക് സ്‌കൂൾ സമയങ്ങളിൽ നിയന്ത്രണം ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്ന പരാതിയുണ്ട്.
കാസർകോട്: (KasargodVartha) പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാർഥികളുടെ ജീവനെടുത്ത ദുരന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ റോഡുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും സ്‌കൂൾ സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് ദേശീയപാതയിലും മറ്റ് പ്രധാന റോഡുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
സ്‌കൂളുകൾ സാധാരണയായി തിരക്കേറിയ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം പ്രദേശങ്ങളിൽ വാഹനങ്ങളുടെ അമിതമായ സഞ്ചാരം, വേഗത, അശ്രദ്ധ എന്നിവ കാരണം അപകട സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും സ്‌കൂൾ സമയങ്ങളിൽ, വിദ്യാർഥികൾ കൂട്ടമായി റോഡ് മുറിച്ചുകടക്കുകയും നടന്നുപോവുകയും ചെയ്യുന്നതിനാൽ ഈ സമയത്ത്, വാഹന ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും ആവശ്യമാണ്.
രാവിലെയും വൈകുന്നേരവും സ്‌കൂൾ സമയങ്ങളിൽ ദേശീയപാതയിലും മറ്റ് പ്രധാന റോഡുകളിലും വലിയ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയോ, വേഗപരിധി കർശനമായി നടപ്പാക്കുകയോ ചെയ്യേണ്ടതുണ്ട്. ടിപർ ലോറികൾക്ക് സ്‌കൂൾ സമയങ്ങളിൽ നിയന്ത്രണം ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്ന പരാതിയുണ്ട്.
സ്‌കൂൾ സമീപത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികൾ സുരക്ഷിതമായി കടന്നുപോകുന്നതിനും, ഹോം ഗാർഡിനെയോ മറ്റോ നിയമിച്ച് ട്രാഫിക് നിയന്ത്രണം ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, സ്‌കൂൾ അധികൃതർ, പൊലീസ്, ലോക്കൽ അധികാരികൾ എന്നിവർ ചേർന്ന് ഒരു സമഗ്ര പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയും വേണം. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാര കാണുകയും അപകട വളവുകൾ പോലെയുള്ള അപകട സാധ്യതകൾക്ക് പരിഹാരം കാണുകയും വേണം.
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയും അതീവ പ്രധാനമാണ്. കെട്ടിടങ്ങൾ ശക്തമായ അടിത്തറയിൽ നിർമിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അഗ്നിശമന സംവിധാനങ്ങൾ, ആംബുലൻസ് സൗകര്യങ്ങൾ എന്നിവ സ്‌കൂളുകളിൽ നിർബന്ധമായും ഉണ്ടായിരിക്കണം. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷയും അതുപോലെ തന്നെ പ്രധാനമാണ്. വാഹനങ്ങൾ പതിവായി പരിശോധിക്കുകയും, ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യണം.
വിദ്യാർഥികൾക്ക് സ്വയം സംരക്ഷണ ബോധം വളർത്തുന്നതിനുള്ള പരിശീലനം നൽകുന്നതും അത്യാവശ്യമാണ്. റോഡ് സുരക്ഷാ നിയമങ്ങൾ, അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം എന്നിവയെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കണം. സ്‌കൂളുകളിൽ ഫയർ ഡ്രിൽ, എമർജൻസി ഡ്രിൽ തുടങ്ങിയവ പതിവായി നടത്തണം.
കരിമ്പ ഹയർ സെകൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ശെറിൻ, എ എസ് ആഇശ എഎന്നിവരാണ് പാലക്കാട് പനയമ്പാടത്തെ ദുരന്തത്തിൽ മരണമടഞ്ഞത്. സ്‌കൂൾ വിട്ട് വരുന്ന വഴി സിമന്റ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനവുമായി ഇടിച്ചതോടെ നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
പനയമ്പാടം ദുരന്തം, നമ്മുടെ സമൂഹത്തെ നടുക്കിയതോടൊപ്പം നമ്മുടെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളെയും ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. കുട്ടികൾ സുരക്ഷിതമായി വളരുന്ന ഒരു സമൂഹം നിർമിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
#SchoolSafety #PanyampadamAccident #RoadSafety #TrafficControl #StudentProtection #KeralaNews