സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ബിജെപിയുടെ പാര്‍ടി പ്രചാരണമെന്ന് ആക്ഷേപം
കാസര്‍കോട്: (www.kasargodvartha.com 23.02.2021) ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ വാട്‌സ്ആപ് ഗ്രൂപില്‍ ബിജെപിയെ കുറിച്ചുള്ള പ്രചരണ ക്ലാസുകളെന്ന് ആക്ഷേപം. കാസര്‍കോട് ചിന്മയ സ്‌കൂളിലെ പഠനത്തിനായി ഉണ്ടാക്കിയ ഗ്രൂപുകളിലാണ് മാനജ്‌മെന്റ് സമ്മതതോടെ ഇത്തരം രാഷ്ട്രീയ പ്രചരണം നടത്തിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഇത് രക്ഷിതാക്കളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തേ ഫീസിളവ് ആവശ്യപെട്ടതിന്റെ പേരില്‍ 300 ഓളം വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പുറത്താക്കിയ സംഭവവും വിവാദമായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് വീണ്ടും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ ചായ്വ് പ്രകടിപ്പിക്കുന്ന പ്രചാരണമുണ്ടായിരിക്കുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
കോവിഡ് കാലത്തും ഉയര്‍ന്ന ഫീസ് നല്‍കി ഓണ്‌ലൈന്‍ ക്ലാസില്‍ തുടരുന്നത് നല്ല വിദ്യാഭ്യാസം കിട്ടുമെന്ന് പ്രതീക്ഷിച്ചാണെന്നും അതല്ലാതെ മാനജ്‌മെന്റിന്റെ രാഷ്ട്രീയ പ്രചരണം അറിയാനല്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. വിഷയമുന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കളക്ടര്‍, ഡി ഡി ഇ, ഡി ഇ ഒ എന്നിവര്‍ക്ക് പാരന്റ്‌സ് കൂട്ടായ്മ പരാതി നല്‍കി.