എ കെ എസ് ടി യു പൊതുവിദ്യാഭ്യാസ മുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട്ട് നിന്നും 10ന് തുടക്കം
May 2, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2017) ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ്ടിയു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൊതുവിദ്യാഭ്യാസ മുന്നേറ്റ യാത്രയ്ക്ക് ചൊവ്വാഴ്ച കാസര്‍കോട് നിന്ന് തുടക്കമാവും. 10ന് വിദ്യാനഗര്‍ ബിസി റോഡ് ജംക്ഷനില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഒ.കെ ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 15 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയുടെ നായകന്‍ എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ശ്രീകൂമാറും ഉപനായകന്‍ കെ.എസ്.ഭരത് രാജും ഡയറക്ടര്‍ ഒ കെ ജയകൃഷണനുമായിരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക, കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുക, പൊതുവിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാറിന്റെ കാവി, കച്ചവടം നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നതെന്ന് ഭാരവാഹികളായ എന്‍.ശ്രീകുമാര്‍, ഒ.കെ. ജയകൃഷ്ണന്‍, പി.രാജഗോപാലന്‍, സുനില്‍കുമാര്‍ കരിച്ചേരി എന്നിവര്‍ അറിയിച്ചു.
രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്നാണ് സംഘടന അഭ്യര്‍ഥിക്കുന്നത്. കുട്ടികളുടെ അറിവും സാമൂഹിക ചിന്തയും മതേതരബോധവും വളര്‍ത്തുന്നതിനും ഭാഷയും സംസ്‌ക്കാരവും ആര്‍ജിക്കുന്നതിനും പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസമാണ് ഉചിതമെന്ന് സമൂഹം തിരിച്ചറിയണം.
ജാഥ ദിവസം ഒരു ജില്ലയില്‍ വീതമാണ് സഞ്ചരിക്കുന്നത്. 30 കിലോമീറ്റര്‍ വീതം പദയാത്ര നടത്തും. യാത്രക്കൊപ്പം കലാജാഥയും ഉണ്ടാവും. ഇന്ന് 11.30 ന് കാഞ്ഞങ്ങാട്, മൂന്നിന് മണിക്ക് നീലേശ്വരം 4.30ന് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് സ്വീകരണം. ബുധനാഴ്ച കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും.1 5ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കുന്ന യാത്രയുടെ സമാപനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കുമെന്ന് ഇവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Press meet, Kerala, AKSTU, Inauguration, Parents, Childrens, Education, Pannayan Raveendran, Kanam Rajendran.