മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ഞൂറോളം വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ല; മൊബൈൽ ഫോൺ ചലെഞ്ചുമായി എംഎൽഎ; ഓണറേറിയം വീതിച്ച് നൽകും
Jun 17, 2021, 16:32 IST
ഉപ്പള: (www.kasargodvartha.com 17.06.2021) ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാതെ പ്രയാസം അനുഭവിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ നിർധന വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ചലെഞ്ചുമായി എംഎൽഎ എ കെ എം അശ്‌റഫ്.
മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ഞൂറോളം വിദ്യാർഥികൾക്ക് ഓൺലൈനിൽ വിദ്യാഭ്യാസം നേടാനുള്ള സൗകര്യം വീട്ടിലില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും മനസിലാക്കിയതായി എംഎൽഎ പറഞ്ഞു.
ഉപ്പളയിൽ ചേർന്ന ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്, മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഡി ഇ ഒ അടക്കമുള്ള വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് ഫോൺ ചലെഞ്ച് ആശയം മുന്നോട്ട് വെച്ചത്.
പഞ്ചായത്ത് പ്രസിഡന്റുമാർ മുൻകയ്യെടുത്ത് അതാത് പഞ്ചായത്തുകളിലെ മൊബൈൽ ഇല്ലാതെ പഠിപ്പ് മുടങ്ങുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ശമ്പള ഓണറേറിയവും തൽപരരായ ആളുകളിൽ നിന്നുള്ള സഹായവും ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങിച്ച് നൽകുക എന്ന ചലെഞ്ചാണ് അവതരിപ്പിച്ചത്. ഇതിലേക്കായി തന്റെ ഓണറേറിയം വീതിച്ച് എട്ട് പഞ്ചായത്തിലെയും ഫോൺ ചലെഞ്ചിന് സഹായം നൽകുമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു.
വൈദ്യുതിയില്ലാത്ത പത്തോളം വീടുകളിൽ പഠനം മുടങ്ങാതിരിക്കാൻ ദ്രുതഗതിയിൽ വൈദ്യുത കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരെ അദ്ദേഹം ചുമതലപ്പെടുത്തി. മുൻ എംഎൽഎ എം സി ഖമറുദ്ദീൻ അനുവദിച്ച 149 ടെലിവിഷനുകളും പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തി റിപോർട് നൽകാൻ പഞ്ചായത്ത് സെക്രടറിമാർക്ക് നിർദേശം നൽകിയാതായും എംഎൽഎ അറിയിച്ചു.
Keywords: Kasaragod, Uppala, Kerala, News, Students, Education, Mobile Phone, MLA, Manjeshwaram, Panchayath, Members, Electricity, Secretary, About 500 students in Manjeswaram constituency do not have online study facilities; MLA with mobile phone challenge.