Remanded | ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമിറ്റി അംഗത്തിന്റെ ഭാര്യയുടെ സ്‌കൂടര്‍ തീവെച്ച് നശിപ്പിച്ചെന്ന കേസിൽ 3 സിപിഎം പ്രവര്‍ത്തകര്‍ റിമാൻഡിൽ; 'കാരണമായത് മുത്തപ്പന്‍ ക്ഷേത്രഭരണ സമിതിയിലെ തര്‍ക്കം'
* വിരലടയാള വിദഗ്ധര്‍ തെളിവുകളും ശേഖരിച്ചിരുന്നു
പടന്ന: (KasargodVartha) ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമിറ്റി അംഗവും നീലേശ്വരം ബ്ലോക് പഞ്ചായത്ത് മെമ്പറും നീലേശ്വരം കാട്ടിപ്പൊയിലിലെ ഗവ. ആയുര്‍വേദ ആശുപത്രി ഫാര്‍മസിസ്റ്റുമായ പി പി രവിയുടെ ഭാര്യ കെ പ്രീജയുടെ സ്‌കൂടര്‍ തീയിട്ട് നശിപ്പിച്ചുവെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്നുപ്രതികള്‍ റിമാൻഡിൽ.
പ്രദേശവാസിയും ചെറുവത്തൂര്‍ ഐവറി പെയിന്റ്‌സ് ആൻഡ് ഹാര്‍ഡ്വെയര്‍സ് സ്ഥാപന ഉടമയും സിപിഎം ബ്രാഞ്ച് അംഗവുമായ പി വി ഹരീഷ് (30), പൂഴി തൊഴിലാളിയും ബ്രാഞ്ച് അംഗവുമായ പി വി ശ്രീജേഷ് (30), സി വി സഞ്ജയ് (25) എന്നിവരെയാണ് ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ മനു പി നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.10 മണിയോടെ വീട്ടിലെ കാര്‍പോര്‍ചില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂടര്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട് നശിപ്പിച്ചുവെന്നാണ് കേസ്. വീട്ടുമുറ്റത്ത് വലിയ ശബ്ദവും തീയും കണ്ട് ഉണര്‍ന്ന വീട്ടമ്മയാണ് പ്രതികളെ നേരിട്ട് കണ്ട് തിരിച്ചറിഞ്ഞത്. ഇതിനു മുമ്പും രണ്ടുതവണ രവിയുടെ വീടിന് നേരെയും സ്‌കൂടറിന് നേരെയും അക്രമം നടന്നിരുന്നതായി പരാതിയുണ്ട്. തെക്കെകാട്ടെ മുത്തപ്പന്‍ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎമിന് അകത്തുണ്ടായ പ്രശ്‌നമാണ് ഇവിടെ അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമായതെന്നാണ് പറയുന്നത്.
ഇതുകൂടാതെ വ്യക്തിവിരോധവും തീവെപ്പിന് പിന്നിലുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ഫോണ്‍ കോള്‍ രേഖകളും വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളും പൊലീസ് നായ, ഫോറന്‍സിക് പരിശോധനയുടെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇതിനു മുന്‍പ് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.