19 കാരനെ തല്ലിക്കൊന്ന് പ്രതി മൃതദേഹം തോളിലേറ്റി സ്റ്റേഷനിലെത്തിയതായി പൊലീസ്; 'ഞാനൊരാളെ തീര്‍ത്തെന്ന് ആക്രോശം'
കോട്ടയം: (www.kasargodvartha.com 17.01.2022) യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ട പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ്. തിങ്കളാഴ്ച പുലര്‍ചെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതിരാവിലെ ഷാന്‍ ബാബവിനെ തോളിലേറ്റി ജോമോന്‍ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് യുവാവിനെ പൊലീസ് സ്റ്റേഷന് മുന്നിലിട്ട ശേഷം ഞാനൊരാളെ തീര്‍ത്തെന്ന് ആക്രോശിച്ചുകൊണ്ട് പൊലീസിനോട് പറഞ്ഞു.
പ്രതി ജോമോന്‍ ലഹരിയുടെ സ്വാധീനത്തിലാണ് അക്രമങ്ങള്‍ നടത്തിയതെന്നും മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ശേഷവും അതിക്രമങ്ങള്‍ തുടര്‍ന്നുവെന്നും പൊലീസ് വ്യക്തമാക്കി. പിന്നാലെ ഏറെ പണിപ്പെട്ട് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതിനിടെ ഷാന്‍ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടര്‍ വ്യക്തമാക്കി. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ വകവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.
രാത്രി വൈകിയിട്ടും മകന്‍ തിരികെ വരാതായതോടെ ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം തുടങ്ങി അധികം വൈകാതെയാണ് ജോമോന്‍, ഷാന്‍ ബാബുവിനെ തലയില്‍ ചുമന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കസ്റ്റഡിയിലുള്ളതെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണമാണ് പൊലീസ് ചോദിച്ചറിയുന്നത്. കൊല്ലപ്പെട്ടയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: News, Kerala, State, Kottayam, Crime, Accuse, Police, Police Station, Killed, Custody, Dead body, Top-Headlines, Youth killed by man in Kottayam