എടിഎം കൗണ്ടറില്‍ കഴുത്ത് മുറിഞ്ഞ് രക്തംവാര്‍ന്ന് അവശനിലയില്‍ യുവാവ്; ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി രാത്രി പട്രോളിങ്ങിനിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍
കുറ്റിപ്പുറം: (www.kasargodvartha.com 08.12.2021) എടിഎം കൗണ്ടറില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി രാത്രി പട്രോളിങ്ങിനിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍. രക്തംവാര്‍ന്ന് അവശനിലയിലായ എറണാകുളം സ്വദേശിയായ യുവാവിനെയാണ് കുറ്റിപ്പുറം പൊലീസ് രക്ഷിച്ചത്. യഥാസമയം ആശുപത്രിയിലെത്തിച്ചതിനാല്‍ യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ടി എം വിനോദും സിവില്‍ പൊലീസ് ഓഫിസെര്‍ റിയാസും പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിലാണ് സംഭവം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താനായി വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്. അടുത്ത് രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു.
രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറില്‍നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവ.താലൂക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ച യുവാവിനെ ചൊവ്വാഴ്ച ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. Keywords: News, Kerala, State, Kozhikode, Kuttipuram, Top-Headlines, Crime, Police, ATM, Youth, Injured, Hospital, Youth found injured in ATM counter at Malappuram