Scam | ഇസ്രാഈലിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി
● പണം വാങ്ങിയ ഒരാളുടെ അകൗണ്ട് മരവിപ്പിച്ചു.
● സര്‍ടിഫികറ്റുകളുടെ എല്ലാം ഒറിജിനലും വാങ്ങിവെച്ചു.
● ഒരുപാട് പേര്‍ ഇവരുടെ ചതിയില്‍ കുടുങ്ങിയതായി സംശയം.
കാസര്‍കോട്: (KasargodVartha) ഇസ്രാഈലിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയതായുള്ള പരാതി. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മംഗ്‌ളൂറു, ഉഡുപ്പി, മുഡിപ്പൂ, മൂഡബിദ്രി എന്നിവിടങ്ങളിലെ മൂന്ന് പേർ തട്ടിപ്പിനെ കുറിച്ച് വിശദീകരിച്ചത്.
മംഗ്‌ളൂറിലെ റോഷന്‍, ഇസ്ഹാഖ് എന്നീ ഏജന്റുമാര്‍ വഴിയാണ് ഇവര്‍ വിസയ്ക്ക് വേണ്ടി പണം നല്‍കിയത്. പത്ത് പേര്‍ക്കാണ് ഇസ്രാഈലിലെ ‘കോഹെന്‍ ഗ്രൂപ്' എന്ന കംപനിയുടെ ഫാം ഹൗസിലെ ജോലിക്കായി വിസ വാഗ്ദാനം ചെയ്തത്. എറണാകുളം കടവന്ത്രയിലെ സ്‌പൈസ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി സ്ഥാപനത്തിലേക്ക് ഇവരെ എത്തിച്ച് ഇന്റര്‍വ്യൂ നടത്തുകയും എഗ്രിമെന്റ് ഒപ്പ് ഇടുവിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് യുവാക്കളില്‍നിന്നും 60000 രൂപ വീതം വാങ്ങിയത്. കൂടാതെ എസ്എസ്എല്‍സി സര്‍ടിഫികറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോടര്‍ ഐഡി കാര്‍ഡ്, വിവാഹ സര്‍ടിഫികറ്റ് എന്നിവയുടെ എല്ലാം ഒറിജിനലും ഇവര്‍ വാങ്ങിവെച്ചു.
2024 ജൂണിലാണ് ഇവരില്‍നിന്നും അകൗണ്ട് വഴി പണം വാങ്ങിയത്. ഇതില്‍ രാജേഷ്, ഷോണ്‍ ഷെട്ടി എന്നിവര്‍ക്ക് ഇസ്രാഈലിലെ കോഹെന്‍ എന്ന കംപനിയുടെ പേരിലുള്ള ഓഫര്‍ ലെറ്റര്‍ അയച്ചുകൊടുക്കുകയും വിസ പിന്നാലെ നല്‍കുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെ തുടര്‍ന്ന് യുവാക്കള്‍ ഇസ്രാഈലില്‍ ജോലി ചെയ്യുന്ന നാട്ടുകാരാനായ സന്ദീപ് എന്നയാള്‍ വഴി അന്വേഷിച്ചപ്പോഴാണ് അവിടെ അങ്ങനെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്നും 10 വര്‍ഷം മുന്‍പ് പൂട്ടിയ സ്ഥാപനത്തിന്‍റെ പേരിലാണ് ഓഫര്‍ ലെറ്റര്‍ അയച്ചിരിക്കുന്നതെന്നും ഇത് തട്ടിപ്പാണെന്നും ഇവര്‍ക്ക് മനസ്സിലായത്. അരുണ്‍ പ്രകാശ് വാസ് എന്നയാളില്‍നിന്നും ഇതേ രീതിയില്‍ പണം വാങ്ങിയിരുന്നുവെങ്കിലും ഓഫര്‍ ലെറ്റര്‍ കിട്ടിയിരുന്നില്ല. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ മറ്റുള്ളവര്‍ ആരും പണം നല്‍കാന്‍ തയ്യാറായില്ല.
140,000 രൂപ ശമ്പളവും താമസ സൗകര്യവുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. എറണാകുളത്തെ സ്‌പൈസ് ഇന്റര്‍നാഷണല്‍ സ്ഥാപനത്തിന്റെ മാനേജര്‍ ജസ്റ്റില്‍ ജോസിന്റെ പേരിലാണ് ഇതില്‍ രണ്ടുപേര്‍ പണം അയച്ചുകൊടുത്തത്. ഒരാള്‍ സബ് ഏജന്റായ ഇസ്ഹാഖിന്റെ ഭാര്യ അനീഷ ഡി ഡിസൂസയുടെ പേരിലുള്ള അകൗണ്ടിലേക്കുമാണ് പണം അയച്ചുകൊടുത്തത്. സബ് ഏജന്റുമാരായ റോഷനും ഇസ്ഹാഖും ഇതിനുശേഷം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ, പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.
തട്ടിപ്പ് ബോധ്യപ്പെട്ടതോടെ, ഷോണ്‍ ഷെട്ടി ഉഡുപ്പി ഷിരുവ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം ആയി പൊലീസ് അന്വേഷണം തുടരുകയും ജസ്റ്റില്‍ ജോസിന്റെ അകൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മരവിപ്പിച്ച അകൗണ്ട് ഓപണ്‍ ആക്കിയാല്‍ പണം മടക്കി തരാമെന്ന് ജസ്റ്റില്‍ ജോസ് പറഞ്ഞതായി ഇവർ പറയുന്നു. ഒരുപാട് പേര്‍ ഇവരുടെ ചതിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഷോവന്‍ ഷെട്ടി, അരുണ്‍ പ്രകാശ് വാസ്, രോഹിത് കുമാര്‍ സംബന്ധിച്ചു.
#visafraud #Israel #scam #Kerala #Mangalore #immigration #fraudsters #jobfraud