Police Booked | ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് യുവതിയെ വെട്ടിപ്പരുക്കേൽപിച്ചതായി പരാതി; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു
ബദിയഡുക്ക: (KasargodVartha) ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ യുവതിയെ വെട്ടിപ്പരുക്കേൽപിച്ചതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 35കാരിയെ അക്രമിച്ചുവെന്നാണ് പരാതി.
ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച്, കത്തി കൊണ്ട് കഴുത്തിന് വെട്ടിപ്പരുക്കേൽപിക്കുകയും വീണ്ടും വെട്ടാനായി കത്തി വീശിയപ്പോൾ ഒഴിഞ്ഞുമാറിയതായും അല്ലെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നൗശാദ് (42) എന്നയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഐപിസി 308 (നരഹത്യാ ശ്രമം), 341, 324, 506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.