Arrest | വാഹന പരിശോധനയ്ക്കിടെ സ്‌കൂടർ യാത്രക്കാരൻ എംഡിഎംഎയുമായി അറസ്റ്റിലായി
ആദൂർ: (KasargodVartha) വാഹന പരിശോധനയ്ക്കിടെ സ്‌കൂടർ യാത്രക്കാരൻ എംഡിഎംഎയുമായി അറസ്റ്റിലായി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം എം അഹ്‌മദ് ശബീബ് (27) എന്നയാളാണ് പിടിയിലായത്. പൊവ്വൽ സ്റ്റോറിൽ വച്ച് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാളിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തത്.
പാന്റിന്റെ കീശയിൽ നിന്നാണ് 2.78 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കണ്ടെടുത്തത്. യുവാവ് സഞ്ചരിച്ച സ്‌കൂടറും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. നാർകോടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (NDPS) സെക്ഷൻ 22(ബി) പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ആദൂർ എസ്ഐ കെ അനുരൂപ്, എഎസ്ഐ എം സതീശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം നാരായണൻ, ഡ്രൈവർ സിപിഒ മണികണ്‌ഠൻ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.