Arrested | സ്‌കൂടറിൽ കടത്തിയ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; കുടുങ്ങിയത് അർധരാത്രിയിൽ പൊലീസ് പട്രോളിംഗിനിടെ
കാസർകോട്: (KasargodVartha) സ്‌കൂടറിൽ (Scooter) കടത്തിയ മയക്കുമരുന്നുമായി (Drugs) യുവാവ് പിടിയിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ (Vidyanagar Police Station) പരിധിയിലെ മുഹമ്മദ് അർശാദ് (25) ആണ് അറസ്റ്റിലായത്. കാസർകോട് ടൗൺ എസ് ഐ (SI) പി പി അഖിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിങ്കളാഴ്ച പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടയിൽ പ്രസ് ക്ലബ് ജൻക്ഷന് സമീപം യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.
പൊലീസ് സംഘം അടുത്തെത്തിയപ്പോൾ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് (Inspection) സ്‌കൂടറിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 1.940 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ് എന്നയാളിൽ നിന്ന് 18000 രൂപയ്ക്ക് വാങ്ങിയതാണ് കഞ്ചാവെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്‌റ്റൻസസ് ആക്‌ട് (NDPS) 20(ബി)(ii)ബി വകുപ്പ് പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സതീശൻ, കെ റിജിത് എന്നിവരുമുണ്ടായിരുന്നു.