Arrest | മയക്കുമരുന്ന് വേട്ട തുടരുന്നു; 72 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പുതുവത്സര ആഘോഷത്തിന് വൻലഹരി ശേഖരം സൂക്ഷിച്ചതായി സൂചന

● ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ നിസാമുദ്ദീൻ ആണ് പിടിയിലായത്
● വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്
മഞ്ചേശ്വരം: (KasargodVartha) വീണ്ടും മയക്കുമരുന്നു വേട്ടയുമായി പൊലീസ്. 72.73 ഗ്രാം എംഡിഎംഎയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിസാമുദ്ദീൻ (35) എന്നയാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സി വൈ എസ് പി സികെ സുനില്‍ കുമാറിൻ്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍ എസ്ഐ മാരായ രതീഷ് ഗോപി, ഉമേഷ്, എഎസ്ഐ അതുല്‍റാം, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് കുമാര്‍, സിവിൽ പൊലീസ് ഓഫീസർ അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്‌ക്വാഡ് ആണ് മഞ്ചേശ്വരം അതിർത്തിയില്‍വെച്ച് യുവാവിനെ പിടികൂടിയത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ നിസാമുദ്ദീനെതിരെ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. മഞ്ചേശ്വരത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നും മയക്കുമരുന്ന് വാങ്ങി കാഞ്ഞങ്ങാട്ടേക്ക് കടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പുതുവത്സര ആഘോഷത്തിന് ലഹരി മാഫിയ സംഘം വൻ തോതിൽ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള റിപോർടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം ‘ഓപറേഷൻ ന്യൂ ഇയർ ഹണ്ട്’ പരിശോധനയുടെ ഭാഗമായാണ് തുടർച്ചയായ രണ്ടാം ദിവസവും മഞ്ചേശ്വരത്ത് മയക്കുമരുന്ന് വേട്ട നടന്നത്.
കഴിഞ്ഞ ദിവസം മീഞ്ചയിലെ ചെങ്കൽ ക്വാറിയിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ച 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. കാസർകോട് പൊലീസ് ആർ ഡി നഗറിൽ നടത്തിയ വാഹന പരിശോധനയിൽ സ്‌കൂടറിൽ കടത്തിയ 30.22 ഗ്രാം എംഡിഎംഎയും 13,300 രൂപയുമായി ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
#KasaragodDrugBust #MDMA #NewYearsEve #DrugSeizure #KeralaPolice #Arrest