Arrested | വീട് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ബീരന്ത് വയലിലായിരുന്നു സംഭവം
കാസർകോട്: (KasargodVartha) വീട് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിലായി. നിരവധി മോഷണ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ലയിലെ രമേശ് എന്ന ഉടുമ്പ് രമേശിനെ (36) യാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ബീരന്ത് വയലിലെ ലക്ഷ്‌മി നാരായണ നായികിന്റെ വീട്ടിൽ നടന്ന കവർച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വീട്ടുകാർ വീട് പൂട്ടി ബെംഗ്ളൂറിലുള്ള മകന്റെ വീട്ടിൽ താമസിക്കാൻ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിൻഭാഗത്തെ ഗ്രിലിന്റെയും വാതിലിന്റെയും പൂട്ട് പൊളിച്ചു അകത്ത് കടന്ന മോഷ്‌ടാവ് വീട്ടിൽ സൂക്ഷിച്ച 2000 രൂപയുടെ നാണയങ്ങളാണ് കവർന്നത്.
ലക്ഷ്‌മി നാരായണ നായികിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യമാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.