Arrested | 'വിദേശത്ത് നിന്ന് വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പോസ്റ്റിട്ടു'; യുവാവ് നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ
വര്‍ഗീയപരമായ പോസ്റ്റിട്ട് കലാപത്തിന് ശ്രമിച്ചുവെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്
കുമ്പള: (KasaragodVartha) വിദേശത്ത് നിന്ന് സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പോസ്റ്റിട്ട് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസിൽ, യുവാവ് നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഫീഖ് റസു എന്ന മുഹമ്മദ് റഫീഖ് (34) ആണ് അറസ്റ്റിലായത്.
2023 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂസ് കുമ്പള എന്ന വാട്‌സ്ആപ് ഗ്രൂപിലൂടെ വര്‍ഗീയപരമായ പോസ്റ്റിട്ട് കലാപത്തിന് ശ്രമിച്ചുവെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കുമ്പള പൊലീസ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെകുറിച്ച് വിവരം ലഭിച്ചത്. 153 എ വകുപ്പു പ്രകാരം മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കുറ്റം.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രൂപിന്റെ അഡ്മിനെ ചോദ്യം ചെയ്തതോടെയാണ് പോസ്റ്റിട്ടത് വിദേശത്തായിരുന്ന റഫീഖാണെന്ന് മനസിലായത്. അവധിക്ക് നാട്ടിലേക്ക് വരുന്നതിനായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെ ഇറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം യുവാവിനെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.