Arrested | 'മഴക്കോട്ടും ഹെൽമറ്റും മറയാക്കി പിടിച്ചുപറി'; മാലമോഷണത്തിന് യുവാവ് അറസ്റ്റിലായപ്പോൾ ഒറ്റയടിക്ക് തെളിയിക്കപ്പെട്ടത് 10 കേസുകൾ!
ബസിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി
കാഞ്ഞങ്ങാട്: (KasargodVartha) പടന്നക്കാട് നിന്നും വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ പിടിച്ചു പറിച്ച ശേഷം രക്ഷപ്പെട്ടെന്ന കേസിൽ പ്രതിയെ പിടികൂടിയ പൊലീസ് ഒറ്റയടിക്ക് തുമ്പുണ്ടാക്കിയത് 10 കവർച്ചാകേസുകളിൽ. ബദിയടുക്ക പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സി എം ഇബ്രാഹിം ഖലീൽ (43) ആണ് അറസ്റ്റിലായത്. ഹൊസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു വെള്ളൂർ, അജിത്ത് കക്കറ, അനിഷ് നാപ്പച്ചാൽ എന്നിവർ ചേർന്നാണ് പ്രതിയെ കുടുക്കിയത്.
ഇക്കഴിഞ്ഞ ജൂൺ 15ന് വൈകീട്ട് പടന്നക്കാട് ആയുർവേദ ആശുപത്രി റോഡിലുടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല ഇബ്രാഹിം ഖലീൽ ബൈകിലെത്തി പിടിച്ചുപറിക്കുകയിരുന്നു. അജാനൂർ ഇട്ടമ്മലിലെ പരേതനായ നാരായണൻ്റെ ഭാര്യ സരോജിനി (65) യുടെ ആഭരണമാണ് തട്ടിയെടുത്തത്. മൂന്നര പവൻ തൂക്കം വരുന്ന ആഭരണമായിരുന്നു കവർന്നത്. കറുത്ത കോട്ട് ധരിച്ചെത്തിയ പ്രതി മാല പൊട്ടിച്ചെന്ന വിവരം മാത്രമാണ് തുടക്കത്തിൽ പൊലീസിന് ലഭിച്ചത്.
മറ്റൊരു തെളിവും പൊലീസിൻ്റെ പക്കലുണ്ടായിരുന്നില്ല. ബൈകിൽ രക്ഷപ്പെട്ട പ്രതി സഞ്ചരിച്ച റൂടിലൂടെ പൊലീസ് 43 കിലോമീറ്റർ പിന്തുടർന്ന് നൂറിലേറെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും പ്രതിയെ മനസിലാകുന്ന ഒരു ചിത്രവും കിട്ടിയില്ല. പടന്നക്കാട് നിന്നും എത് ഭാഗത്തേക്ക് ആണ് പ്രതി സഞ്ചരിച്ചതെന്ന രുപവും തുടക്കത്തിൽ പൊലീസിനില്ലായിരുന്നു. സിസിടിവി ദൃശ്യം പരിശോധിക്കുന്നതിനിടെ ബസിനെ മറികടന്ന് പോകുന്ന കോട്ട് ധരിച്ച മോഷ്ടാവിൻ്റെ ദൃശ്യം കാണാനിടയായത് പൊലീസ് അന്വേഷണത്തിൽ നിർണായകമായി.
ഈ ബസിനെ തേടി പിടിച്ച അന്വേഷണ സംഘം ബസിലെ സിസിടിവി കാമറ പരിശോധിച്ചതോടെ പ്രതിയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രം കിട്ടി. തുടർന്ന് ഇയാൾ ബദിയഡുക്കയിലെത്തിയതായി കണ്ടെത്തി. പ്രതി കടയിൽ കയറി സാധനം വാങ്ങുന്ന സമയം കോടും ഹെൽമറ്റും ഊരിയതോടെ ഇവിടെയുള്ള സിസിടിവിയിൽ പ്രതിയുടെ മുഖം തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളുടെ പേരും വിവരവും നാട്ടുകാരുടെ സഹായത്തോടെ മനസിലാക്കി. സൈബർ സെലിൻ്റെ സഹായത്തോടെ പ്രതിവീട്ടി ലുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഞായറാഴ്ച പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌ത് കാഞ്ഞങ്ങാട്ട് എത്തിക്കുകയായിരുന്നു.
മുംബൈയിൽ കളളനോട് കേസുമായി അറസ്റ്റിലായ ഇബ്രാഹിം ഖലീൽ എട്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കടബാധ്യത തീർക്കാൻ വഴി ആലോചിച്ചപ്പോഴാണ് പിടിച്ചുപറി തിരഞ്ഞെടുത്തത്. തുടർന്നു കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. മൂന്ന് മാസമായി പ്രതി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കറങ്ങി നടന്ന ശേഷമാണ് സരോജിനിയുടെ ആഭരണം കവർന്നത്. ബദിയഡുക്കയിലെത്തി വിവിധ ഭാഗങ്ങളിൽ ബൈകിൽ സഞ്ചരിച്ചാണ് സ്ത്രീകളുടെ, കഴുത്തിൽ നിന്നും മാലകൾ പൊട്ടിച്ച് വന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.
'ഹൊസ്‌ദുർഗ് പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ജില്ലയിൽ നടന്ന ഒമ്പത് പിടിച്ചുപറികൾക്ക് പിന്നിലും ഇതേ പ്രതിയാണെന്ന് വ്യക്തമാവുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി പൊലീസിൻ്റെ ഉറക്കം കെടുത്തിയ പ്രതിയാണ് പിടിയിലായത്. മേൽപറമ്പ്, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്ത രണ്ട് വീതം പിടിച്ചുപറി കേസുകളിലെയും പ്രതിയാണ് ഖലീൽ. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത നാല് പിടിച്ചുപറിക്കേസിലും പ്രതിയാണ്. തട്ടിയെടുക്കുന്ന ആഭരണങ്ങൾ സഹകരണ ബാങ്കിലടക്കം പണയം വെക്കാറാണ് പതിവ്. ചിലത് വിൽപ്പന നടത്തി', പൊലീസ് കൂട്ടിച്ചേർത്തു.
ഇൻസ്പെക്‌ടർ എം പി ആസാദിൻ്റെ നേത്യത്വത്തിൽ നടന്ന അന്വേഷണത്തിൽ സ്ത്രീകൾക്ക് വെല്ലുവിളിയായ പ്രതി കുടുങ്ങിയതോടെ പൊലീസിന് തന്നെ അഭിമാനമായി. പ്രതിയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.