Assault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ; അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന മൊഴിയിൽ ബന്ധുവായ ജനപ്രതിനിധിക്കെതിരെയും കേസ്, പിന്നാലെ 17 കാരി മൊഴി മാറ്റി
● ബന്ധുവുമായി തമ്മിൽ തെറ്റിയതോടെയാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞതും, പൊലീസ് കേസായതും.
● സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ചെന്ന പരാതിയിൽ 24 കാരനായ യുവാവിനെ പോസ്കോ വകുപ്പ് പ്രകാരം കേസെടുത്ത് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അനിലേഷ് (24) എന്ന യുവാവാണ് അറസ്സിലായത്. പീഡന വിവരമറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ പ്രതിയെ സംരക്ഷിച്ചെന്ന ആരോപണത്തിൽ ജനപ്രതിനിധിയായ വനിതക്കെതിരെയും കേസെടുത്തു.
എന്നാൽ കേസെടുത്തതിന് പിന്നാലെ ബന്ധുവായ ജനപ്രതിനിധിക്കെതിരെയുള്ള മൊഴി പെൺകുട്ടി മാറ്റിയിട്ടുണ്ട്. വൈരാഗ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിയുടെ പേര് സംഭവത്തിൽ വലിച്ചിഴച്ചതെന്നാണ് രണ്ടാമത്തെ മൊഴി. പെൺകുട്ടിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുക്കാനാണ് പൊലീസിൻ്റെ തീരുമാനമെന്ന് അറിയുന്നു.
പെൺകുട്ടി ഇവരുടെ പേര് രഹസ്യമൊഴിയിൽ ആവർത്തിച്ചില്ലെങ്കിൽ കേസിൽ നിന്നും ഒഴിവാക്കി കോടതിയിൽ റിപോർട് നൽകാനാണ് പൊലീനിൻ്റെ നീക്കമെന്നാണ് സൂചന. ഇപ്പോൾ 17 വയസുള്ള പെൺകുട്ടി മൂന്ന് വർഷം മുമ്പ് ബന്ധുവായ ജനപ്രതിനിധിയുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് യുവാവ് അന്ന് പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. അന്ന് പെൺകുട്ടിക്ക് 14 വയസായിരുന്നു പ്രായം.
ഇപ്പോൾ ബന്ധുവുമായി തമ്മിൽ തെറ്റിയതോടെയാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞതും, പൊലീസ് കേസായതും. പീഡനവിവരം ജനപ്രതിനിധിയോട് പെൺകുട്ടി പറഞ്ഞപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും അവരോടുള്ള വിരോധം കാരണം അവരെയും കേസിൽ പെടുത്താനാണ് മൊഴി നൽകിയതെന്നുമാണ് പെൺകുട്ടി ഒടുവിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#YouthArrested, #MinorAbuse, #PublicRepresentative, #POSCO, #KeralaCrime, #PoliceInvestigation