Fraud | 54 ബാങ്ക് ചെക് ലീഫുകള്‍ മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവാവിനെതിരെ 1.7 കോടി രൂപ തട്ടിയെന്ന മറ്റൊരു പരാതി കൂടി; വീണ്ടും കേസെടുത്തു

● ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അഹ്‌മദ് കബീറിനെതിരെയാണ് കേസ്.
● പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.
● ബാങ്ക് അകൗണ്ടിൽ നിന്ന് 1.7 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കാഞ്ഞങ്ങാട്: (KasargodVartha) ചെക് ലീഫിൽ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതിയായ ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അഹ്‌മദ് കബീറിനെതിരെ മറ്റൊരു തട്ടിപ്പ് കേസ് കൂടി. വ്യാജ ഒപ്പിട്ട് 1.7 കോടി രൂപ തട്ടിയതായാണ് പരാതി. പള്ളിക്കര കല്ലിങ്കാല്‍ സബീന മന്‍സിലില്‍ പി പി മുഹമ്മദിൻ്റെ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് മൂന്നാമത്തെ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പി പി മുഹമ്മദിൻ്റെ സഹോദരപുത്രനായ പ്രതി, ഇദ്ദേഹത്തിൻ്റെ മകൻ നാട്ടിലില്ലാതിരുന്ന കാലത്ത് മുഹമ്മദിൻ്റെ ബാങ്ക് ഓഫ് ബറോഡ ബാങ്ക് അകൗണ്ടിൽ നിന്നും വീട്ടാവശ്യങ്ങൾക്കും മറ്റും പണം എടുക്കുന്നതിനായി ഒപ്പിട്ടു നൽകിയ ചെകുകൾ വഴിയും ബാങ്കിൽ നിന്നും വ്യാജ ഒപ്പ് ഉപയോഗിച്ച് നേടിയ ചെക് ബുകുകൾ ഉപയോഗിച്ചും ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിച്ച മുഹമ്മദിൻ്റെ ഫോൺ നമ്പറിന് പകരം വ്യാജ അപേക്ഷ നൽകി കബീറിൻ്റെ ഫോൺ നമ്പർ ബന്ധിപ്പിച്ചും അകൗണ്ടിൽ നിന്നും ചെക് ലീഫുകൾ ഉപയോഗിച്ചും ആർടിജിഎസ് (RTGS) സംവിധാനം ഉപയോഗിച്ചും 1.70 കോടി രൂപ പ്രതിയുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നാണ് കേസ്.
നേരത്തേ അഹ്‌മദ് കബീറിനെ ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സമാനമായി മറ്റ് അകൗണ്ടിൽ നിന്നും പണം പിന്‍വലിച്ചെന്ന് ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇയാൾ നേരത്തേ അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ പ്രതി മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു. സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായ അഹ്‌മദ് കബീറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
പി പി മുഹമ്മദിൻ്റെയും ഇദ്ദേഹത്തിൻ്റെ മകൾ കെ ശബാനയുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അഞ്ച് ചെക് ബുകുകളില്‍ നിന്ന് 54 ഓളം ചെക് ലീഫുകള്‍ അടിച്ചുമാറ്റി കള്ള ഒപ്പിട്ട് ലക്ഷങ്ങൾ പിന്‍വലിച്ചെന്നാണ് നേരത്തേ നൽകിയ പരാതി. ബറോഡ ബാങ്കിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ചിലുള്ള പി പി മുഹമ്മദിന്റെ അകൗണ്ടിൽ നിന്നും 14.58 ലക്ഷം രൂപ 2018 ഫെബ്രുവരി മൂന്നിനും ജൂൺ 14 നുമിടയില്‍ പ്രതിയുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും 2021 ജൂലൈ ഒമ്പതിന്, പി പി മുഹമ്മദിന്റെ ഫോൺ നമ്പർ മാറ്റി വ്യാജ രേഖ ചമച്ച് പ്രതിയുടെ ഫോൺ നമ്പർ നൽകി ഗൂഗിൾ പേ വഴി ഭീമമായ തുക വിവിധ അകൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നുമാണ് പി പി മുഹമ്മദ് നേരത്തേ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
2008 മുതൽ 2023 ജൂലൈ 20 വരെയുള്ള കാലയളവിൽ താനും അജാനൂർ അർബൻ സഹകരണ ബാങ്ക് അധികൃതരും തമ്മിൽ മാസ വാടക സംബന്ധിച്ചുള്ള കേസ് ആവശ്യത്തിനും മറ്റുമായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാതാവിൽ നിന്നും തന്റെ പേരിലുള്ള രണ്ട് ബ്ലാങ്ക് ചെകുകൾ കൈക്കലാക്കി വ്യാജ ഒപ്പിട്ടു നൽകി അജാനൂർ അർബൻ സഹകരണ ബാങ്കിൽ നിന്ന് 4.48 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് മുഹമ്മദിൻ്റെ മകൾ ശബാന പരാതിയിൽ വ്യക്തമാക്കിയിരുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
വിദേശത്തായിരുന്ന മുഹമ്മദിൻ്റെ മകൻ നാട്ടിലെത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ 1.7 കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് കൂടി കണ്ടെത്തി പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ മാതാപിതാക്കൾ മാത്രമുള്ളത് കൊണ്ടാണ് സഹായത്തിന് പിതൃസഹോദരൻ്റെ മകനോട് പറഞ്ഞിരുന്നതെന്നും എന്നാൽ അമിത സ്വാതന്ത്രം അയാൾ മുതലെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും മുഹമ്മദിൻ്റെ മകൻ കാസർകോട് വാർത്തയോട് പറഞ്ഞു. പൊലീസിൽ പരാതി നൽകിയതിന് തന്നെ പ്രതി കബീറും ബന്ധുക്കളും ചേർന്ന് അക്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Ahmed Kabir was involved in multiple fraud cases, using forged checks and fake signatures to steal large sums, including 1.7 crore from a victim's account.
#BankFraud #Forgery #FraudCases #Kasaragod #IndiaNews #CrimeAlert