Kidnapped | 'വാഹന ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി'; പൊലീസ് പിന്തുടർന്നതറിഞ്ഞ് ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു
യുവാവിന്റെ മൊബൈൽ ടവർ ലൊകേഷൻ അനുസരിച്ചാണ് പൊലീസ് നീങ്ങിയത്
ചിറ്റാരിക്കാൽ: (KasargodVartha) വാഹന ഇടപാടുമായി ബന്ധപ്പെട്ട് കണ്ണൂർ ചക്കരക്കൽ സ്വദേശിയായ സുറു (35) എന്ന യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. കാസർകോട് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഹന ഇടപാടുകാരന്റെ നേതൃത്വത്തിലായിരുന്നു ചക്കരക്കൽ മുണ്ടേരിയിൽ വെച്ച് ചൊവ്വാഴ്ച രാവിലെ യുവാവിനെ ബലേനോ കാറിൽ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ടിപർ ലോറി ഇടപാടുമായി ബന്ധപ്പെട്ട മൂന്നര ലക്ഷം രൂപ നൽകാതെ മുങ്ങിയതാണ് കാരണമെന്നാണ് വിവരം. യുവാവിന്റെ ബന്ധുവിന്റെ പരാതിയെ തുടർന്ന് മൊബൈൽ ടവർ ലോകേഷൻ പരിശോധിച്ച് പിന്തുടർന്ന പൊലീസ് ചൊവ്വാഴ്ച വൈകീട്ടോടെ ചിറ്റാരിക്കാലിൽ വച്ച് ഉപേക്ഷിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. പൊലീസ് പിന്തുടരുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് കാർ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. യുവാവിനെയും തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറും കാസർകോട് പൊലീസ് ചക്കരക്കൽ പൊലീസിന് കൈമാറി.
ചൊവ്വാഴ്ച രാവിലെ മുതൽ കാസർകോട് - കണ്ണൂർ പൊലീസ് സംയുക്തമായാണ് യുവാവിനെ കണ്ടെത്താൻ ഓപറേഷൻ നടത്തിയത്. യുവാവിന്റെ മൊബൈൽ ടവർ ലൊകേഷൻ അനുസരിച്ചാണ് പൊലീസ് നീങ്ങിയത്. രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ടവർ ലൊകേഷൻ കാണിച്ചത്. ഇവർ തമ്മിലുള്ള വാഹന ഇടപാട് തർക്കം ഒത്തുതീർപ്പാക്കിയിട്ടുണ്ടെങ്കിലും സംഭവത്തിൽ കേസെടുക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.






