Arrest | 'മംഗ്ളൂറിൽ അർധരാത്രി യുവാക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്', 10 പേർ അറസ്റ്റിൽ

● ഗണേഷ് കട്ടേ എന്ന സ്ഥലത്താണ് യുവാക്കളുടെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
● സിഗരറ്റ് ലൈറ്റർ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.
● മദ്യലഹരിയിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
● പണമ്പൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
മംഗ്ളുറു: (KasargodVartha) നഗരത്തിൽ അർധരാത്രി യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പണമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തണ്ണീർബാവിയിൽ ഞായറാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് സംഭവം അരങ്ങേറിയത്. ഗണേഷ് കട്ടേ എന്ന സ്ഥലത്താണ് യുവാക്കളുടെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. മദ്യലഹരിയിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
പണമ്പൂർ പൊലീസ് പറയുന്നത് ഇങ്ങനെ: 'വെങ്കിടേഷ്, കാർത്തിക്, സന്തോഷ്, സെയ്ഫ്, ധനുഷ്, പ്രജ്വൽ എന്നിവരടങ്ങുന്ന ഒരു സംഘം യുവാക്കൾ സ്ഥലത്ത് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയം പ്രീതം, സൻവീത് എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഇവരെ സമീപിച്ചു. സിഗരറ്റ് ലൈറ്റർ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.
പ്രജ്വൽ ലൈറ്റർ പ്രീതത്തിന് നൽകിയെങ്കിലും അത് തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു. തർക്കത്തിനിടെ പ്രീതത്തിൻ്റെ സംഘത്തിലെ ഒരാൾ ബിയർ കുപ്പികൊണ്ട് കാർത്തിക്കിൻ്റെ തലക്കടിച്ചു. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇരു വിഭാഗത്തിലെയും അംഗങ്ങൾ മരത്തടികളുമായി പരസ്പരം ആക്രമിക്കാൻ തുടങ്ങി'.
പണമ്പൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ്, ഇരു സംഘങ്ങളിലുമായി ഉൾപ്പെട്ട 10 പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
#Mangalore #YouthClash #PoliceArrest #CrimeNews #Kerala #MangaloreNews