Complaint | 'പഞ്ചനക്ഷത്ര ഹോടെലായ ബേക്കൽ താജ് റിസോർടിൽ നിന്ന് യുവതിയുടെ വജ്ര ആഭരണങ്ങൾ നഷ്ടപ്പെട്ടു'; ശുചീകരണ തൊഴിലാളികളെ സംശയമെന്ന് പരാതി
ബേക്കൽ: (KasargodVartha) പഞ്ചനക്ഷത്ര ഹോടെലായ (Five Star Hotels) കാപ്പിൽ ബീചിലെ ബേക്കൽ താജ് റിസോർടിൽ (Taj Bekal Resort) നിന്ന് മുംബൈക്കാരിയായ യുവതിയുടെ വജ്ര ആഭരണങ്ങൾ (Diamond Jewellery) നഷ്ടപ്പെട്ടതായി പരാതി. താജിൽ താമസിച്ച യുവ ദമ്പതികളുടെ, വജ്രം പതിച്ച ഏഴ് ലക്ഷത്തിൻ്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
മുംബൈയിലെ (Mumbai) ദാദർ വെസ്റ്റിലെ പോർചുഗീസ് പള്ളിക്കു സമീപം താമസിക്കുന്ന നിഖിൽ പ്രശാന്ത് ഷായുടെ ഭാര്യയുടെ നാല് സ്വർണ മോതിരങ്ങളാണ് (Ring) റിസോർടിൽ നഷ്ടപ്പെട്ടതെന്നാണ് പരാതി. യുവതി കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ മോതിരം അഴിച്ചു വെച്ചിരുന്നു. പിന്നീട് ദമ്പതികൾ മറ്റൊരു മുറിയിലേക്ക് താമസം മാറിയപ്പോഴാണ് കുളിമുറിയിൽ ആഭരണങ്ങൾ മറന്ന് വെച്ച കാര്യം ഓർത്തത്. ആഭരണം എടുക്കാൻ ചെന്നപ്പോൾ അത് അവിടെ ഇല്ലായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പിന്നാലെ, മുറി വൃത്തിയാക്കിയപ്പോൾ ശുചീകരണ തൊഴിലാളിൾ എടുത്തതാണെന്ന് ദമ്പതികൾ സംശയം പ്രകടിപ്പിച്ച് ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുറിയുടെ ചുമതലയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.