Verdict | കായികാധ്യാപികയുടെ മരണം: ഭർത്താവിന് 9 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; ഭർതൃമാതാവിന് 7 വർഷം തടവും 2 ലക്ഷം രൂപ പിഴയും
● നിരന്തരമായ പീഡനമാണ് മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ
കാസർകോട്: (KasargodVartha) കായികാധ്യാപികയും ദേശീയ കബഡി താരവുമായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനേയും കോടതി ശിക്ഷിച്ചു. മുന്നാട് സ്വദേശിനി പ്രീതി (33) സ്വന്തം വീട്ടിലെ ഹോളിലെ സ്റ്റെയർകേസ് കൈവരിയിൽ മരിച്ച സംഭവത്തിലാണ് ഭർത്താവ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാകേഷ് കൃഷ്‌ണ (38), ഭർതൃമാതാവ് ശ്രീലത (59) എന്നിവരെ കാസർകോട് അഡീഷണൽ ആൻഡ് സെഷൻ കോടതി ഒന്ന് ജഡ്‌ജ് എ മനോജ് ശിക്ഷിച്ചത്.
ഒന്നാം പ്രതി രാകേഷ് കൃഷ്‌ണയ്ക്ക് ഒമ്പത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും മൂന്നാം പ്രതിയായ ഭർതൃമാതാവ് ശ്രീലതയ്ക്ക് ഏഴ് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഇരുവരും അധികമായി എട്ടു മാസം തടവ് അനുഭവിക്കേണ്ടി വരും.
2017 ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്ഐ ആയിരുന്ന എ ദാമോദരനാണ് ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് കാസർകോട് ഡിവൈ എസ് പിയായിരുന്ന എം വി സുകുമാരൻ അന്വേഷിച്ചാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ രണ്ടാം പ്രതി ഭർതൃപിതാവ് രമേശൻ വിചാരണക്കിടയിൽ മരണപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
#KeralaCrime #JusticeForPreeti #DomesticViolence #IndiaNews #WomenSafety #CourtVerdict