Scam | ശ്രുതിക്കെതിരെ കൂടുതൽ പരാതി പൊങ്ങിവരാൻ തുടങ്ങി; നാലാമത്തെ കേസും രജിസ്റ്റർ ചെയ്തു; 'യുവാവിനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പണം തട്ടി'
കാഞ്ഞങ്ങാട്: (KasargodVartha) യുവാക്കളെ സൗന്ദര്യം കാട്ടിയും ശാസ്ത്രജ്ഞയെന്ന ജോലി കാട്ടിയും വിവാഹം കഴിക്കാൻ തയ്യാറാണെന്ന മോഹന വാഗ്ദാനം നൽകി നിരവധി പേരെ കറക്കി വീഴ്ത്തി പണം തട്ടിയെന്ന് ആരോപണ വിധേയയായ ശ്രുതി ചന്ദ്രശേഖരനെതിരെ കൂടുതൽ പരാതികൾ പൊങ്ങിവരാൻ തുടങ്ങി. നാണക്കേട് ഭയന്ന് ആദ്യം പരാതി നൽകാതിരുന്ന പലരും ശ്രുതിയുടെ തേൻകെണിക്കെതിരെ പൊലീസിൽ പരാതി നൽകി തുടങ്ങി. നാലാമത്തെ കേസ് ചൊവ്വാഴ്ച മേൽപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്തു.
യുവാവിനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിലാണ് ഹണിട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ പൊലീസ് പുതിയ കേസെടുത്തത്. പുല്ലൂർ കൊടവലത്തെ ഉദയനഗർ എടമുണ്ടയിലെ അജീഷ് എന്ന 20കാരൻ്റെ പരാതിയിലാണ് നടപടി. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞയെന്ന് പറഞ്ഞ് പരിചയപ്പെടുകയും അജീഷിൻ്റെ ബന്ധുവായ സുജിത്തിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
'തുടർന്ന് വാട്‍സ് ആപിൽ പല പ്രാവശ്യം ബന്ധപ്പെട്ട് പണം വാങ്ങി. സുജിത്തിൻ്റെ ഗൂഗിൾ പേവഴി 14,000 രൂപ ആദ്യം അയച്ചു കൊടുത്തു. ഇക്കഴിഞ്ഞ മാർച് 31ന് വ്യാജ വീഡിയോയും ഫോടോയും കാണിച്ച് ഭീഷണിപ്പെടുത്തി. കൊടവലത്തുവെച്ച് അരലക്ഷം രൂപയും ഏപ്രിൽ 29 ന് പൊയിനാച്ചിയിൽ വെച്ച് അരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചു', യുവാവിന്റെ പരാതിയിൽ പറയുന്നു.
മേൽപറമ്പ് പൊലീസ് നേരത്തെ ജിം ട്രെയിനറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, ഉഡുപിയിൽ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായ ശ്രുതി കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് കാഞ്ഞങ്ങാട് വനിതാ ജയിലിലാണുള്ളത്. ശ്രുതി ചന്ദ്രശേഖരനെതിരെ കാസർകോട് ടൗൺ പൊലീസാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. മൈലാട്ടി, കിഴക്കേക്കരയിലെ ദേവിദാസിന്റെ പരാതിയിലാണ് കേസെടുത്തത്. 73,000 രൂപയും 83.81 ഗ്രാം സ്വര്‍ണവും കൈക്കലാക്കി തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ദേവിദാസിന്റെ പരാതി.
പണത്തിനു അത്യാവശ്യം ഉണ്ടെന്നും ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറഞ്ഞാണ് ശ്രുതി സുഹൃത്തുക്കളില്‍ നിന്നു സ്വര്‍ണവും പണവും കൈക്കലാക്കിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പണം തിരികെ ചോദിച്ചാല്‍ പൊലീസില്‍ പരാതി കൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു ശ്രുതിയുടെ രീതിയെന്നു പൊലീസ് പറയുന്നു.
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയും നിരവധി യുവാക്കളെ വലയിലാക്കി തട്ടിപ്പ് നടത്തിയിരുന്നുവെങ്കിലും നാണക്കേട് കാരണം പരാതി നൽകാതെ ആദ്യം ഒളിച്ചു കളിക്കുകയായിരുന്നു. ശ്രുതിയുടെ തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഇരകളായി എന്നത് ഞട്ടിക്കുന്ന വാർത്തയായിരുന്നു. പരാതി നൽകിയാൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു പൊലീസ് ഉദ്യോഗസ്ഥർക്ക്. 15 ലക്ഷം നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
റിമാൻഡിൽ കഴിയുന്ന ശ്രുതിയെ മേൽപറമ്പ് പൊലീസ് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നുവെങ്കിലും ശ്രുതി പൊലീസുമായി സഹകരിക്കാൻ തയ്യാറായില്ല. ചോദ്യങ്ങളോടൊന്നും പ്രതികരിക്കാനും കൂട്ടാക്കിയില്ലെന്നാണ് പറയുന്നത്. എന്നാൽ ശ്രുതിക്കെതിരെ ഒട്ടേറെ തെളിവുകളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മേൽപറമ്പ് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ജിം ട്രെയ്‌നറായ സുജിത്തിനെ മംഗ്ളൂറു പൊലീസിൽ പരാതി നൽകി ലൈംഗിക പീഡന കേസിൽ ശ്രുതി കുടുക്കിയിരുന്നു.
മംഗ്ളൂരിലെ ഒരു അഭിഭാഷകന്റെ ഉപദേശ പ്രകാരമായിരുന്നു ശ്രുതിയുടെ ഓരോ നടപടികളുമെന്നാണ് പറയുന്നത്. പീഡന കേസിൽ മംഗ്ളൂരു കോടതിയിൽ 164 പ്രകാരം മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ ഐഎസ്ആർഒയിലെ ടെക്നികൽ അസിസ്റ്റന്റ് ആണെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇത് കേസിലെ പ്രധാന തെളിവാണ്. ഇതുകൂടാതെ പല സ്ഥലങ്ങളിലെയും ലോഡ്ജ് മുറികളിലും ആശുപത്രികളിലും നൽകിയത് ഐഎസ്ആർഒയുടെ ഉദ്യോഗസ്ഥ എന്ന വിലാസമായിരുന്നു.
നാലാമത്തെ കേസ് കൊല്ലം ഈസ്റ്റ് പൊലീസാണ് രജിസ്റ്റർ ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ഹന്ന നജ്‌മുദ്ദീൻ എന്ന യുവതിയുടെ പരാതിയിലാണ് ശ്രുതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം ആശ്രാമം കൈലാസ് വർകിംഗ് വുമൺ ഹോസ്റ്റലിൽ ഒന്നിച്ച് താമസിക്കുന്നതിനിടെ 1,23,750 രൂപ ഗൂഗിൾ പേ വഴി ഹന്നയിൽ നിന്ന് രണ്ട് തവണയായി കൈക്കലാക്കിയെന്നാണ് പരാതി.
ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ച് മാനജരാണെന്നും പിതാവ് കിഡ്നി സംബന്ധമായ അസുഖത്താൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ചികിത്സയുടെ കാര്യത്തിനായി താൻ ബാങ്ക് ജോലിയിൽ അവധി എടുത്തിരിക്കുകയാണെന്നും പറഞ്ഞ് 2020 ഡിസംബർ 23ന് ഹന്നയുടെ സ്വർണ കൈചെയിനും മോതിരവും കടപ്പാക്കട മുത്തൂറ്റ് ഫിൻകോർപിൽ പണയം വെപ്പിച്ച് 41,000 രൂപയും ഡിസംബർ 24ന് കൊല്ലം വടയാറ്റുകോട്ട റോഡിലുള്ള മുത്തൂറ്റ് ഫൈനാൻസിൽ മൂന്നര പവന്റെ സ്വർണ പാദസ്വരം 82,750 രൂപക്കും പണയം വെപ്പിച്ച് 1,23,750 രൂപാ ഗൂഗിൾ പേ വഴി രണ്ട് തവണയായി അയപ്പിച്ച് കൊടുത്തുവെന്നാണ് കേസ്.
ആൾമാറാട്ടം നടത്തി വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് മാസമാണ് ഇരുവരും വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. പഠനാവശ്യമാർത്ഥമാണ് തനിക്ക് ഹോസ്റ്റലിൽ താമസിക്കേണ്ടി വന്നതെന്ന് ഹന്ന നജ്‌മുദ്ദീൻ കാസർകോട് വാർത്തയോട് പറഞ്ഞു. ശ്രുതിയുടെ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതി നൽകുമെന്നാണ് കരുതുന്നത്.