Obituary | എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഹൊസ്ദുർഗ് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി
കാഞ്ഞങ്ങാട്: (KasargodVartha) എലിവിഷം അകത്ത് ചെന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ വാഴക്കോട്ടെ സുനിലിൻ്റെ ഭാര്യ കെ ശ്രീപ്രിയ (23) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് യുവതിയെ ഗുരുതരാവസ്ഥയിൽ മംഗ്ളൂറിലെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി വൈകിയാണ് മരണപ്പെട്ടത്. ഹൊസ്ദുർഗ് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം യുവതിയുടെ ബന്തടുക്ക മാണിമൂലയിലെ വീട്ടിൽ എത്തിക്കും. യുവതിക്ക് രണ്ട് മക്കളുണ്ട്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഭർത്താവിനെതിരെയോ മറ്റോ പരാതിയൊന്നും ഉന്നയിച്ചിട്ടില്ലെന്നാണ് സൂചന. നാല് വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അമ്പലത്തറ പൊലീസ് പറഞ്ഞു.