30 പവനെങ്കിലും കുറഞ്ഞത് നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീധന പീഡനം; രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ച് ക്രൂര മര്‍ദനം, ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് യുവതി
കാസര്‍കോട്: (www.kasargodvartha.com 03.07.2021) സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കാസര്‍കോട് കൊട്ടോടി സ്വദേശിയായ 27കാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഇരുവരും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് തല്ലിപ്പുറത്താക്കിയെന്നും രണ്ട് കുഞ്ഞുങ്ങളെ പോറ്റാന്‍ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന എന്ന യുവതി പറയുന്നു. 18-ാം വയസിലാണ് റസീന ശാക്കിറിനൊപ്പം ഇറങ്ങിപ്പോയത്. എന്നാല്‍ ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതോടെ സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി.
മുപ്പത് പവനെങ്കിലും കുറഞ്ഞത് നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങിയത് ഭര്‍തൃമാതാവാണ്. പിന്നീട് ഭര്‍ത്താവും സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിക്കാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ശാക്കിര്‍ നല്‍കിയ ഉറപ്പില്‍ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ് ഒത്തുതീര്‍പ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലവതണ പറഞ്ഞിട്ടും ശാക്കിര്‍ തയ്യാറായില്ലെന്ന് റസീന പറയുന്നു.
ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കിയതോടെ രണ്ട് കുഞ്ഞുങ്ങളെ പോറ്റാന്‍ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു. രോഗികളായ അച്ഛനും അമ്മയുമുള്‍പെടെ റസീനയുടെ വീട്ടിലാര്‍ക്കും വരുമാനമില്ല.
ഇതിനിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ശാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന.
എന്നാല്‍ മര്‍ദിച്ചെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും സ്വന്തം ഇഷ്ടത്തിന് കൂടെപ്പോന്നയാള്‍ അതുപോലെ തന്നെ തിരിച്ചുപോയെന്നുമാണ് ശാക്കിര്‍ മാധ്യമങ്ങളോട് പറഞ്ഞത്.