വീട്ടിലിരുന്ന് വീഡിയോ ചെയ്ത ഭാര്യയ്ക്ക് ഭർത്താവിന്റെ വക അശ്ലീല കമന്റ്; ഒടുവിൽ കൈയേറ്റം!

● ഡിസ്ക് തകരാർ കാരണം ജോലിക്ക് പോകാൻ കഴിയാതിരുന്നതിനാലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്.
● ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
● 2023-ലും യുവതി ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു.
● യുവതി നീലേശ്വരത്തെ ആശുപത്രിയിൽ ചികിത്സ തേടി.
നീലേശ്വരം: (KasargodVartha) ഡിസ്കിന് തകരാർ സംഭവിച്ച് ജോലിക്ക് പോകാൻ കഴിയാതിരുന്നതിനെ തുടർന്ന് യൂട്യൂബ് ചാനലിലൂടെ കുക്കറി വീഡിയോകൾ ചെയ്ത് ഉപജീവനം കണ്ടെത്തിയ യുവതിയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
യുവതി ചെയ്യുന്ന വീഡിയോകൾക്ക് അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ചതിനാണ് ഭർത്താവ് വീട്ടിൽ വെച്ച് മർദ്ദിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തൈക്കടപ്പുറം സ്വദേശിനിയായ കെ. സുജിത (40) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് രഘുവിനെതിരെ പോലീസ് കേസെടുത്തത്.
ജൂലൈ രണ്ടിന് വൈകുന്നേരം മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് യുവതിയുടെ യൂട്യൂബ് വീഡിയോകളിലും റീൽസുകളിലും അപമാനകരവും അശ്ലീലവുമായ കമന്റുകൾ പങ്കുവെച്ചതിനെ ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റം മർദ്ദനത്തിലേക്ക് വഴിമാറിയത്. യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭർത്താവ് യുവതിയെ തടഞ്ഞുനിർത്തി മുടിക്ക് കുത്തിപ്പിടിക്കുകയും കൈകൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് നീലേശ്വരം പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും ആവശ്യമായ തെളിവുകൾ ശേഖരിച്ചുവരികയുമാണ്.
കുവൈത്തിൽ ജോലിക്കാരനായ രഘു ചെലവിന് നൽകാതിരുന്നതിനാൽ ക്ലിനിക്കിലും ഫ്രൂട്‌സ് കടയിലും ജോലിക്ക് നിന്നിരുന്നുവെങ്കിലും, ഡിസ്കിന്റെ തകരാർ കാരണം അധികനേരം നിന്നോ ഇരുന്നോ ജോലി ചെയ്യാൻ കഴിയാതെ വന്നതോടെയാണ് യുവതി യൂട്യൂബ് ചാനൽ ആരംഭിച്ചത്.
അതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഭർത്താവിന്റെ മർദ്ദനം സഹിക്കവയ്യാതെ 2023-ൽ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തിരുന്നതായി യുവതി കാസർകോട് വാർത്തയോട് വെളിപ്പെടുത്തി.
അതോടെയാണ് യുവതി ചെയ്യുന്ന പാചക വീഡിയോകളിലും റീൽസുകളിലും അശ്ലീലവും അപമാനകരവുമായ കമന്റുകൾ ഇടാൻ തുടങ്ങിയതെന്നും, ഭർത്താവ് തന്റെ സുഹൃത്തുക്കളെക്കൊണ്ടും ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യിപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.
ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് ഭർത്താവിന്റെ നടപടി ചോദ്യം ചെയ്തതെന്നും അപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായതെന്നും യുവതി കൂട്ടിച്ചേർത്തു. മർദ്ദനത്തിൽ പരിക്കേറ്റ യുവതി നീലേശ്വരത്തെ ആശുപത്രിയിൽ ചികിത്സ തേടി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തൂ.
Article Summary: Woman assaulted by husband over online comments on her videos.
#DomesticViolence #KeralaCrime #WomensSafety #OnlineHarassment #Nileshwaram #CookingVideos