Complaint | ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; രഹസ്യമായി വീഡിയോ പകർത്തി പുറത്തുവിട്ടു; കണ്ടക്ടറെ വിളിക്കുന്നതിനിടെ ഞരമ്പ് രോഗി ഇറങ്ങി രക്ഷപ്പെട്ടു
യുവതിയും രണ്ടാം ക്ലാസിൽ പഠിക്കുന്ന ആറുവയസ് പ്രായമുള്ള മകളും എതിർദിശയിലുള്ള സീറ്റിൽ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്
ബേക്കൽ: (KasargodVartha) ബസിൽ (Bus) യാത്രക്കാരിയായ യുവതിക്ക് നേരെ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി (Complaint). നഗ്നതാപ്രദർശനത്തിൻ്റെ വീഡിയോ (Video) രഹസ്യമായി പകർത്തി യുവതി പുറത്ത് വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40നും 2.30 നും ഇടയിലാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്നാണ് പാലക്കുന്നിലേക്ക് ബസ് കയറിയത്.
ബസിൽ യാത്രക്കാരുടെ (Passengers) വലിയ തിരക്ക് ഉണ്ടായിരുന്നില്ല. യുവതിയും രണ്ടാം ക്ലാസിൽ പഠിക്കുന്ന ആറുവയസ് പ്രായമുള്ള മകളും എതിർദിശയിലുള്ള സീറ്റിൽ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടയിലാണ് മറുവശത്തുള്ള യുവാവ് യുവാവ് നഗ്നത പ്രദര്‍ശനം തുടങ്ങിയത്. സംഭവം കാണാതിരിക്കാൻ മടിയിൽ ഇരുന്ന മകളുടെ മുഖം തിരിച്ചുപിടിച്ച യുവതി കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ കാമറയുടെ പിൻഭാഗം യുവാവിന് നേരെയാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
കണ്ടക്ടർ (Conductor) പിറകിലെ സീറ്റിലായിരുന്നത് കൊണ്ട് വിളിച്ച് വിവരം പറയാൻ കഴിഞ്ഞില്ല. നാലുമിനുറ്റോളം വീഡിയോ പകർത്തിയ ശേഷം ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ ബസ് കയറ്റാൻ പറയാൻ കണ്ടക്ടറെ വിവരം അറിയിക്കാൻ ശ്രമിച്ചപ്പോഴെക്കും യുവാവ് ബേക്കൽ സ്റ്റോപിൽ ഇറങ്ങി രക്ഷപ്പെട്ടു. യുവാവ് ഇറങ്ങാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ വിവരമറിയിച്ചിരുന്നുവെങ്കിൽ പിടികൂടാമായിരുന്നുവെന്ന് കണ്ടക്ടർ പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി.
മകൾ ഛർദി കാരണം അവശയായത് കൊണ്ടാണ് പെട്ടെന്ന് വിവരം പറയാൻ കഴിയാതിരുന്നതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി. ഇറങ്ങിപ്പോയ യുവാവിനെ കണ്ട് പരിചയമില്ലെന്നാണ് കണ്ടക്ടർ പ്രതികരിച്ചത്.