കിണറ്റിൽ കാട്ടുപന്നിയുടെ ജഡം; അഗ്നിരക്ഷാസേന പുറത്തെടുത്തു
● വനംവകുപ്പ് ജീവനക്കാരുടെ സഹായവും രക്ഷാപ്രവർത്തനത്തിനുണ്ടായി.
● കിണർ ക്ലോറിനേറ്റ് ചെയ്യാൻ അഗ്നിരക്ഷാസേന നിർദ്ദേശം നൽകി.
● 15 കോൽ ആഴമുള്ള കിണറ്റിൽ നിന്നാണ് ജഡം പുറത്തെടുത്തത്.
കാസർകോട്: (KasargodVartha) മൂന്നു ദിവസം പഴക്കമുള്ള കാട്ടുപന്നിയുടെ ജഡം കിണറ്റിൽ നിന്ന് അഗ്നിരക്ഷാസേന പുറത്തെടുത്തു. കോളിയടുക്കം പുളുന്തോട്ടിയിലെ അഭിലാഷ് എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ അഴുകിയ നിലയിലുള്ള കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്.
അസഹനീയമായ ദുർഗന്ധം വന്നതിനെ തുടർന്നാണ് പന്നി കിണറ്റിൽ വീണ വിവരം സമീപവാസികൾ അറിയുന്നത്. തുടർന്ന് വീട്ടുടമ കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി. വനംവകുപ്പ് ജീവനക്കാരുടെ സഹായത്തോടെ, 15 കോൽ ആഴവും ആൾമറയില്ലാത്തതും പത്തടിയോളം വെള്ളവുമുള്ള കിണറ്റിൽ നിന്ന് റണ്ണിംഗ് ബോലൈൻ കെട്ടിന്റെ സഹായത്താൽ ജഡം പുറത്തെടുത്തു.
പുറത്തെടുത്ത പന്നിയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥർ പറമ്പിൽതന്നെ വലിയ കുഴിയെടുത്ത് മൂടി. കുടിവെള്ളം എടുക്കുന്ന കിണറായതുകൊണ്ട് ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ അഗ്നിരക്ഷാസേന വീട്ടുകാർക്ക് നൽകി.
സേനാംഗങ്ങളായ ഇ. പ്രസീദ്, എച്ച്. ഉമേശൻ, ജിത്തു തോമസ്, എസ്. സോബിൻ, വി.വി. ഉണ്ണികൃഷ്ണൻ, വനംവകുപ്പ് ജീവനക്കാരനായ വിനോദ് രവീന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Fire and Rescue Services removed a wild boar carcass from a well in Kasaragod.
#Kasaragod #WildBoar #WellRescue #FireRescue #KeralaNews #AnimalRescue






