Investigation | തലപ്പാടി ടോൾ ബൂത്ത് കടന്ന കാർ എവിടെപ്പോയി? കെ സി റോഡിലെ ബാങ്ക് കവർച്ചയിൽ കാസർകോട് പൊലീസും അന്വേഷണത്തിൽ

● സ്വർണവുമായി പോയ സംഘം കേരളത്തിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം.
● കവർച്ച ആസൂത്രിതമായിരുന്നുവെന്ന് പൊലീസിന്റെ നിഗമനം.
● കവർച്ചക്ക് ശേഷം സംഘം രണ്ടായി പിരിഞ്ഞ് മറ്റൊരു വാഹനത്തിൽ രക്ഷപെട്ടതായും കരുതുന്നു.
മംഗ്ളുറു: (KasargodVartha) തലപ്പാടി അതിർത്തിക്കടുത്ത് കെ സി റോഡിലെ കൊട്ടേക്കാർ അഗ്രികൾച്ചറൽ സർവീസ് സഹകരണ സംഘം ബാങ്കിൽ നടന്ന കവർച്ച ആസൂത്രിതമെന്ന് പൊലീസ്. ആറ് പേരടങ്ങുന്ന സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നാല് പേർ ബാങ്കിനകത്ത് കടന്നപ്പോൾ രണ്ടുപേർ പുറത്ത് കാവൽ നിന്നു. കവർച്ചക്ക് ശേഷം മോഷ്ടാക്കളെത്തിയ ഫിയറ്റ് കാർ കാസർകോട് ഭാഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
പ്രധാന റോഡുകളിലും ഹൈവേകളിലും തിരച്ചിൽ നടത്തിയിട്ടും വാഹനം കണ്ടെത്താനായിട്ടില്ല. സ്വർണവുമായി പോയ സംഘം കേരളത്തിലേക്കോ കർണാടകയിലേക്കോ കടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഹൊസങ്കടി-മിയാപദവ്-ആനക്കല്ലു വഴി കാർ കർണാടകയിലേക്ക് മടങ്ങി പോയതായും സംശയിക്കുന്നു. തലപ്പാടി ടോൾ ബൂത്ത് കടന്നപ്പോൾ കാറിന്റെ മുൻവശത്ത് ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ടോൾ ബൂത്ത് കാഷ്യർ ഡ്രൈവർ 150 രൂപ നൽകി 40 രൂപ ബാക്കി വാങ്ങിയതായും സ്ഥിരീകരിച്ചു. കവർച്ചക്ക് ശേഷം സംഘം രണ്ടായി പിരിഞ്ഞ് മറ്റൊരു വാഹനത്തിൽ രക്ഷപെട്ടതായും കരുതുന്നു.
സംഭവത്തിന് ശേഷം കർണാടക പൊലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിരുന്നു. തലപ്പാടി മുതൽ ഉപ്പള വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കവർച്ച ആസൂത്രണം ചെയ്തത് കെ സി റോഡിനടുത്തുള്ള ഒരു ഉൾപ്രദേശത്തുവെച്ചാണെന്ന് കരുതുന്നു. വ്യാപാരികൾ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി കടകൾ അടച്ച സമയത്താണ് കവർച്ച നടന്നത്. കവർച്ചക്ക് ഉപയോഗിച്ച ഫിയറ്റ് കാറിൽ ബെംഗളൂരു നോർത്ത് ആർടിഒയിൽ രജിസ്റ്റർ ചെയ്ത നമ്പർ പ്ലേറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത് മറ്റൊരു മാരുതി എർട്ടിഗ കാറിന്റെ രജിസ്ട്രേഷൻ നമ്പറാണെന്ന് കണ്ടെത്തി. ഇത് നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നു.
മുതിർന്ന ഉദ്യോഗസ്ഥരും സിസിബി അംഗങ്ങളും ഉൾപ്പെടെ അഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിൽ രണ്ട് സംഘങ്ങൾ കേരളത്തിൽ അന്വേഷണം തുടരുന്നു. കവർച്ചക്കാർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ രണ്ട് കാറുകൾ ഉപയോഗിച്ചതായി പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണത്തിൽ പങ്കുചേരുന്നു. കവർച്ചക്കാർ സഞ്ചരിച്ച കാർ തലപ്പാടി ടോൾ ബൂത്തിലെയും ഹൊസങ്കടി ടൗണിലെയും സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് കാസർകോട് പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മുൻപ് ബാങ്കുകളും എടിഎമ്മുകളും കവർച്ച ചെയ്ത പ്രതികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഒന്നരമാസം മുൻപ് മജീർപ്പള്ളയിൽ ആയുധങ്ങളുമായി പിടിയിലായ നാലംഗ സംഘത്തെ ചോദ്യം ചെയ്തതിൽ കർണാടകയിൽ ബാങ്ക് കവർച്ച നടത്താൻ പദ്ധതിയിട്ടതായി വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുന്നു.
കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും ബാങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ചിരുന്നതായും കരുതുന്നു. രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞതും ഒരു ജീവനക്കാരന്റെ മൊബൈൽ ഫോൺ വഴിയിൽ ഉപേക്ഷിച്ചതും പൊലീസിനെ വഴിതെറ്റിക്കാനുള്ള തന്ത്രങ്ങളായിരുന്നുവെന്നാണ് വിലയിരുത്തൽ. കവർച്ചാ സംഘം സഞ്ചരിച്ച വാഹനവും പ്രതികളെയും കണ്ടെത്താനായി കേരള, കർണാടക പൊലീസ് സംയുക്തമായി ഊർജിതമായ അന്വേഷണം നടത്തുകയാണ്.
#KasargodBankRobbery #KeralaPolice #KarnatakaPolice #BankHeist #Investigation #CrimeNews #CCTVFootage #CarChase