Assault | സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വോളന്റീയറെ മർദിച്ചതായി പരാതി; 16 പേർക്കെതിരെ കേസ്
● ഇക്കഴിഞ്ഞ ഡിസംബർ 24-ന് രാത്രി 11 മണിയോടെ കമ്പാർ പറപ്പാടിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
● പ്രതികൾ സ്ത്രീകളെ ശല്യം ചെയ്തത് ഫാരിസ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ ആരോപിക്കുന്നു.
● പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വോളന്റീയറെ മർദിച്ചുവെന്ന പരാതിയിൽ 16 പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഡിസംബർ 24-ന് രാത്രി 11 മണിയോടെ കമ്പാർ പറപ്പാടിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഉറൂസ് പരിപാടിയുമായി ബന്ധപ്പെട്ട് വോളന്റീയർ ഡ്യൂടി ചെയ്യുകയായിരുന്ന ദേലംപാടി പരപ്പ പുതിയക്കണ്ടം ഹൗസിലെ മുഹമ്മദ് ഫാരിസിനെ (26) അക്രമിച്ചുവെന്നാണ് കേസ്. പ്രതികൾ സ്ത്രീകളെ ശല്യം ചെയ്തത് ഫാരിസ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാസ്, നുഅമാൻ, അൻസാർ, ഫാസി, മുഹമ്മദ്, അസീം, അൻവർ, ശുഐബ്, ആശിർ, സെയ്ദ്, മസൂട്ടി എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഒന്നാം പ്രതി നവാസ് കഴുത്തിൽ കുത്തിപ്പിടിക്കുകയും രണ്ടും മൂന്നും പ്രതികൾ ഇരു കൈകളിലും ബലമായി പിടിച്ചു തടഞ്ഞുനിർത്തുകയും മറ്റുളവർ കൈകൊണ്ടും കാലുകൊണ്ടും മർദിച്ചതായും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ 189(2), 191(2), 126(2), 115(2), 351(2), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#KasargodNews #VolunteerAssault #WomenHarassment #PoliceInvestigation #KeralaCrime #HarassmentQuestion