Clash | ഐ ടി കംപനിയിലെ ജോലി തർക്ക പ്രശ്നവുമായി ബന്ധപ്പെട്ട് പള്ളിക്ക് മുന്നിൽ സംഘർഷം; രണ്ട് പരാതികളിലായി 30 പേർക്കെതിരെ കേസ്; കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണവുമായി ജമാഅത് കമിറ്റി രംഗത്ത്
ജമാഅത് കമിറ്റി കുമ്പള സിഐ, ഡിവൈഎസ്പി അടക്കമുള്ളവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്
കുമ്പള: (KasargodVartha) ഐടി കംപനിയിലെ ജോലി തർക്ക പ്രശ്നവുമായി ബന്ധപ്പെട്ട് പള്ളിക്ക് മുന്നിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 30 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. അതേസമയം പള്ളിയുടെ ഗ്ലാസ് തകർത്ത് മദ്രസാ അധ്യാപകനെ കള്ളക്കേസിൽ കുടുക്കിയെന്ന് കാട്ടി ജമാഅത് കമിറ്റിയും പരാതിയുമായി രംഗത്ത് വന്നു.
കുബണൂർ ചെറിയ ജുമാമസ്ജിദ് പരിസരത്ത് ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ഹൊസബെട്ടുവിലെ അബ്ദുൽ നിസാമുദ്ദീൻ (25), ഭാര്യ അഞ്ജലിബു ജീൽ (22) എന്നിവർ കെഎൽ 14 എഡി 1908 കാർ പള്ളിയുടെ മുന്നിൽ നിർത്തിയിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം.
അപരിചിതയായ യുവതിക്കൊപ്പം പള്ളിക്ക് മുന്നിൽ കാർ നിർത്തിയിട്ടത് പരിസരവാസികൾ ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്ന യുവാവും യുവതിയും പ്രകോപിതരാവുകയും യുവാവ് പള്ളിയുടെ ഗ്ലാസ് തകർത്ത് എല്ലാവരുടെയും വീഡിയോ ഫേണിൽ പകർത്തുകയും ചെയ്തുവെന്ന് മസ്‌ജിദ് കമിറ്റി ഭാരവാഹികൾ പറയുന്നു.
ആളുകൾ തടിച്ചുകൂടിയതോടെ യുവാവ് ആളുകളുടെ നേർക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചതായും പ്രദേശവാസിയായ മമ്മിഞ്ഞി എന്നയാൾക്ക് കാറിടിച്ച് പരിക്കേറ്റതായും പരാതിയുണ്ട്. മമ്മിഞ്ഞിയെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാക്രമം കാട്ടിയ യുവാവ് പിന്നീട് കാർ അമിത വേഗതയിൽ ഓടിച്ചു പോയതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ പ്രദേശവാസികളായ ആറുപേരും കണ്ടാലറിയാവുന്ന ഇരുപത്തിനാലോളം പേരും മാരകായുധവും മരവടിയുമായി തന്നെ തടഞ്ഞു നിർത്തുകയും മർദിക്കുകയും തടയാൻ ചെന്നപ്പോൾ ഭാര്യയെ അടിച്ചും പിടിച്ചു വലിച്ചും പരിക്കേൽപ്പിക്കുകയും കാറിന്റെ കണ്ണാടി, വൈപർ തുടങ്ങിയവ കല്ല് കൊണ്ട് പൊട്ടിച്ച് മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും കാണിച്ച് യുവാവ് കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ മദ്രസ അധ്യാപകൻ അടക്കമുള്ള 29 ഓളം പേർക്കെതിരെ കേസെടുക്കുകയായിരുന്നു.
സംഭവത്തിന് കാരണം യുവാവിൻ്റെ ഐടി കംപനിയിൽ ജോലി ചെയ്തിരുന്ന ബന്ധുവും മമ്മിഞ്ഞിയുടെ മകനുമായ റാസിഖ് എന്നയാളെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പൊലീസിൽ കേസ് കൊടുത്തതിനും കംപനിയിൽ നിന്നും പിരിച്ചു വിട്ടതിനുമുള്ള വിരോധമാണ് പറയുന്നത്. അതേ സമയം പ്രശ്നം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മദ്റസ അധ്യാപകൻ അടക്കമുള്ളവരെ പ്രതിയാക്കിയതിനെതിരെ ജമാഅത് കമിറ്റി കുമ്പള സിഐ, ഡിവൈഎസ്പി അടക്കമുള്ളവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
പരുക്കേറ്റ മമ്മിഞ്ഞിയുടെ പരാതിയിൽ അബ്ദുൽ നിസാമുദ്ദീനെതിരെയും കേസെടുത്തു. സംഭവം നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഐ ടി കംപനിയിലെ ജോലി പ്രശ്നം ചർച്ച ചെയ്യാനായി തങ്ങളെ വിളിച്ചു വരുത്തിയതിനാലാണ് കാറുമായി സ്ഥലത്ത് എത്തിയതെന്നാണ് അബ്ദുൽ നിസാമുദ്ദീൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് അറിയുന്നത്.