city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | കേരളം ചർച്ച ചെയ്ത പെരിയ ഇരട്ടക്കൊലക്കേസിൽ വിധി പറയാൻ മണിക്കൂറുകൾ മാത്രം ബാക്കി; പോലീസ് റൂട്ട് മാർച്ച് നടത്തി, സുരക്ഷ ശക്തമാക്കി

 Periya Double Murder Case Security
Photo Credit: Screengrab from a Whatsapp video

● ബേക്കൽ ഡിവൈഎസ്പി വി.വി. മനോജിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്.
● കല്ല്യോട്ടും പെരിയയിലും ഏച്ചിലടുക്കത്തും പോലീസ് അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
● പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിൽ കർശന വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

പെരിയ: (KasargodVartha) കേരളം ഏറെ ചർച്ച ചെയ്ത പെരിയ കല്ല്യോട്ട് രാഷ്ട്രീയ ഇരട്ടക്കൊലക്കേസിൽ വിധി പറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പോലീസ് കല്ല്യോട്ട് റൂട്ട് മാർച്ച് നടത്തി. ബേക്കൽ ഡിവൈഎസ്പി വി.വി. മനോജിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതി ശനിയാഴ്ച രാവിലെ 11 മണിയോടെ വിധി പ്രസ്താവിക്കുന്നത്.

കല്ല്യോട്ടും പെരിയയിലും ഏച്ചിലടുക്കത്തും പോലീസ് അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജിനാണ് സുരക്ഷാ ചുമതല. പ്രധാന പോയിന്റുകളിലെല്ലാം ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും പോലീസ് പട്രോളിംഗ് നടത്തിവരുന്നു. പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിൽ കർശന വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ജനങ്ങളിൽ സുരക്ഷാ ബോധം ഉണ്ടാക്കാനാണ് റൂട്ട് മാർച്ച് നടത്തിയതെന്ന് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് യൂണിറ്റ് സായുധ പോലീസ് സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ നേതാക്കളെ പങ്കെടുപ്പിച്ച് സമാധാന യോഗവും നടത്തിയിരുന്നു. നേതാക്കളുടെ അഭ്യർഥന മാനിച്ച് സമാധാന അന്തരീക്ഷം നിലനിർത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് സാഹചര്യവും വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

2019 ഫെബ്രുവരി 17ന് സന്ധ്യയോടെയാണ് കേരളത്തെ ഞെട്ടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം നടന്നത്. സി.പി.എം. പ്രവർത്തകരും നേതാക്കളുമാണ് പ്രതികളെന്ന ആരോപണം കൊലപാതകത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. തന്നിത്തോട്ടെ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തിയാണ് ഇരുവരെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച് ഹോസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് അന്വേഷണം ഹൈക്കോടതി നിർദ്ദേശപ്രകാരം സി.ബി.ഐ. ഏറ്റെടുത്തത്.

സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നതിനെ സർക്കാർ ശക്തമായി എതിർത്തതും സുപ്രീം കോടതി അഭിഭാഷകരെ വലിയ പ്രതിഫലം നൽകി കൊണ്ടുവന്നതും കേരള രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷിച്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ അടക്കം 14 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സി.ബി.ഐ. അന്വേഷണം ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തിൽ മുൻ എംഎൽഎയും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ അടക്കം 10 പേരെ കൂടി പ്രതിചേർത്താണ് സി.ബി.ഐ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പീതാംബരൻ അടക്കം 11 പ്രതികൾ അറസ്റ്റിലായത് മുതൽ ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. കോടതി വിധി രാഷ്ട്രീയ  കേരളം ഉറ്റുനോക്കുകയാണ്.


#PeriyaDoubleMurder, #KeralaPolitics, #CBIInvestigation, #PoliceSecurity, #Verdict, #YouthCongress



 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia