city-gold-ad-for-blogger

വെള്ളരിക്കുണ്ടിലെ മലഞ്ചരക്ക് വ്യാപാരിയുടെ മരണം; ജനകീയ ആക്ഷൻ കമ്മിറ്റിയുമായി ഇടപാടുകാർ, ജില്ലാ പോലീസ് മേധാവിയെ കാണും

 Photo of Benny James, the Vellarikundu merchant.
Photo: Special Arrangement

● മൃതദേഹത്തിൽ നിന്നും ലഭിച്ച കുറിപ്പുകൾ ആവശ്യപ്പെടും.
● സാമ്പത്തിക ബാധ്യതയെ തുടർന്ന് വ്യാപാരി മരിച്ചതായാണ് സംശയം.
● ചില ബ്ലേഡ് സംഘങ്ങൾ ഉൾവലിഞ്ഞതായി ആരോപണം.
● ഡയറിക്കുറിപ്പിലെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റിയതായും സംശയം.

സുധീഷ്പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) വെള്ളരിക്കുണ്ടിലെ മലഞ്ചരക്ക് വ്യാപാരി ഐക്കര ചാക്കോ എന്ന ബെന്നി ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഇദ്ദേഹത്തിൽ നിന്ന് പണം ലഭിക്കാനുള്ളവർ ചേർന്ന് ഒരു ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

ചിട്ടിയിൽ ചേർന്നവർ, മലഞ്ചരക്കുകൾ വിശ്വസിച്ചു സൂക്ഷിക്കാൻ ഏൽപ്പിച്ചവർ എന്നിവരാണ് തിങ്കളാഴ്ച വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വെച്ച് ജനകീയ ആക്ഷൻ കമ്മറ്റിക്ക്‌ രൂപം നൽകിയത്. കോടികളുടെ സാമ്പത്തിക ബാധ്യതകൾ ഉണ്ട് എന്നതിന്റെ പൊരുൾ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനും, മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത രണ്ട് കുറിപ്പുകൾ പോലീസിൽ നിന്നും ആവശ്യപ്പെടാനും, നിയമപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് യോഗത്തിൽ തീരുമാനമുണ്ടായത്. ആക്ഷൻ കമ്മറ്റി രൂപീകരണ യോഗത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു.

കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് വെള്ളരിക്കുണ്ടിലെ മലഞ്ചരക്ക് വ്യാപാരി ഐക്കര ചാക്കോയെ കഴിഞ്ഞ മാസം 11-ന് രാത്രിയിൽ മലഞ്ചരക്ക് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേ ദിവസം ലഭിക്കാൻ ഉണ്ടായിരുന്നു എന്ന് പറയുന്ന 25 ലക്ഷം രൂപ കിട്ടാതെ വന്ന സാഹചര്യത്തിലാണ് അദ്ദേഹം മരിച്ചതെന്നാണ് നാട്ടിലെ സംസാരം.

ആദ്യഘട്ടത്തിൽ ചാക്കോയ്ക്ക്‌ 45 ലക്ഷം രൂപയോളം നൽകാനുണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ നിലപാട് മാറ്റിയെന്നും പറയുന്നു. ഇവർ ചാക്കോ പണം നൽകാനുള്ള ചിലരെ ചേർത്തുപിടിക്കുകയും അവരുമായി ധാരണയിലെത്തിയതായും പറയുന്നു.

ഈ സാഹചര്യത്തിലാണ് ആക്ഷൻ കമ്മറ്റിയുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ഇതിനിടെ വെള്ളരിക്കുണ്ടിലെ ചില ബ്ലേഡ് സംഘങ്ങൾക്ക് ചാക്കോ പണം നൽകാനുണ്ടെങ്കിലും ഇപ്പോൾ ഇവർ ഉൾവലിഞ്ഞിരിക്കുകയാണ്.

ബ്ലേഡ്കാരുടെ പേരുകൾ കുറിപ്പിൽ പറയുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുമെന്നും, അതിനാൽ തൽക്കാലം മിണ്ടരുതെന്നും നാട്ടിൽ സ്വാധീനമുള്ള ഒരു നേതാവിന്റെ നിർദ്ദേശം ഇവർക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെയും ഇവർ സ്വാധീനിച്ചുവെന്ന് ആരോപണമുണ്ട്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൊടുക്കാനുള്ളതും കിട്ടാനുള്ളതുമായ കണക്കുകളുള്ള ഒരു കുറിപ്പ് ചാക്കോയുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വായിച്ചു നോക്കിയ കുറിപ്പ് പിന്നീട് പോലീസിൽ ഏൽപ്പിച്ചു.

ഇതിനിടയിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടിക്രമങ്ങൾക്കിടെ അരയിലെ ബെൽറ്റിന്റെ പോക്കറ്റിൽ നിന്നും മറ്റൊരു കത്ത് കൂടി കണ്ടെത്തിയിരുന്നുവെന്നും പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നില്ലെന്നും പറയുന്നു.

കടയിൽ നിന്നും വീട്ടിൽ നിന്നും വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി. സതീഷ് ചില ഡയറിക്കുറിപ്പുകൾ കണ്ടെത്തിയിരുന്നു. എന്നാൽ വീട്ടിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ നിന്നും ചില ഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും, ഇതിൽ ചാക്കോയ്ക്ക് പണം നൽകാനുള്ളവരുടെ പേരുകളുണ്ടായിരിക്കാമെന്നും, മരണവിവരമറിഞ്ഞ ഉടൻ അടുപ്പം കാണിച്ചവരിത് ചെയ്തതാകാമെന്നും നാട്ടിൽ സംസാരമുണ്ട്.

മക്കളോ ബന്ധുക്കളോ പോലീസിൽ പരാതിയുമായി മുന്നോട്ട് പോയാൽ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വെള്ളരിക്കുണ്ടിലെ ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

Article Summary: Action committee formed by creditors after Vellarikundu merchant's death, demanding investigation.

#Vellarikundu #KasargodNews #MerchantDeath #ActionCommittee #KeralaCrime #PoliceInvestigation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia