സ്കൂൾ വിനോദയാത്രാ ബസുകൾ തടഞ്ഞുവച്ച സംഭവത്തിലെ സൈബർ ആക്രമണത്തിനും വിമർശനങ്ങൾക്കും മറുപടിയുമായി വെള്ളരിക്കുണ്ട് ജോയിൻ്റ് ആർടിഒ
● മൂന്ന് ബസുകളുടെ രേഖകൾ ആർ ടി ഒ ഓഫീസിൽ ഹാജരാക്കുകയോ വാഹനങ്ങൾ മുൻകൂട്ടി പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
● ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെ മൂന്നര മണിക്കൂറോളം വൈകിയ ശേഷം പിഴ ചുമത്തിയാണ് യാത്ര തുടരാൻ അനുമതി നൽകിയത്.
● സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഗതാഗത കമ്മീഷണറോടും ജില്ലാ ആർ ടി ഒയോടും വിശദീകരണം തേടിയിട്ടുണ്ട്.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) വിനോദയാത്രയ്ക്ക് ഒരുങ്ങിയ സ്കൂൾ വിദ്യാർഥികളുടെ ബസുകൾ മോഡിഫിക്കേഷൻ്റെ പേരിൽ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ, സൈബർ ആക്രമണത്തിനും വിമർശനങ്ങൾക്കും മറുപടിയുമായി വെള്ളരിക്കുണ്ട് ജോയിൻ്റ് ആർ.ടി.ഒ. എ.കെ. നജീബ് രംഗത്ത്. ഉദ്യോഗസ്ഥൻ തൻ്റെ നിലപാട് വ്യക്തമാക്കി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
സംഭവത്തിൻ്റെ പശ്ചാത്തലവും ബാലാവകാശ കമ്മിഷൻ്റെ ഇടപെടലും
കഴിഞ്ഞ ബുധനാഴ്ച (നവംബർ 18) ഉച്ചയോടെയാണ് വെള്ളരിക്കുണ്ട് സെയിൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 102 വിദ്യാർഥികളുടെ വിനോദയാത്ര മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. യാത്രയ്ക്ക് ഉപയോഗിക്കുന്ന മൂന്ന് ബസുകളുടെ രേഖകൾ ആർ.ടി.ഒ. ഓഫീസിൽ ഹാജരാക്കുകയോ, വാഹനങ്ങൾ മുൻകൂട്ടി പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയിൻ്റ് ആർ.ടി.ഒ. നജീബിൻ്റെ നേതൃത്വത്തിലുള്ള സംഘം ബസുകൾ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങിയത്.
വിവരമറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഇടപെട്ടതോടെ സംഭവം വിവാദമായി. ഒടുവിൽ മൂന്നര മണിക്കൂറോളം വൈകിയ ശേഷം, ബസുകൾക്ക് പിഴ ചുമത്തിയാണ് യാത്ര തുടരാൻ ആർ.ടി.ഒ. അനുമതി നൽകിയത്.
സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ, വിദ്യാർഥികളെ മണിക്കൂറുകളോളം വഴിയിൽ തടഞ്ഞുവച്ച നടപടിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഗതാഗത കമ്മിഷണറോടും ജില്ലാ ആർ.ടി.ഒ.യോടും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൻ്റെ നിലപാട് വ്യക്തമാക്കി നജീബ് എ.കെ. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
ജോയിൻ്റ് ആർ.ടി.ഒ. നജീബ് എ.കെ.യുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
'നിയമപാലനത്തിൻ്റെ മറുവശം നന്നായി മനസ്സിലാക്കുന്ന സമയമാണിത്. ആവർത്തിച്ചു പറയുന്നു, നിയമമാണ് വലുത്... നിയമമാണ് വലുത്... ആരോടും വൈരാഗ്യമില്ല... ആരോടും വിദ്വേഷവുമില്ല... ഈ ജോലി തുടങ്ങുമ്പോൾ ദേശീയ പതാക സാക്ഷി നിർത്തി പറഞ്ഞതാണ്. ഇന്നും അങ്ങനെ തന്നെ... കൺമുന്നിൽ കാണുന്ന നിയമലംഘനങ്ങൾക്ക് മുന്നിൽ കണ്ണടച്ചിട്ടില്ല. ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഒന്നും ആരെയും ബോധിപ്പിക്കാനുമില്ല... എല്ലാം ശരിയാക്കാനായില്ലെങ്കിലും, എല്ലാം ശരിയായില്ലെങ്കിലും കുറച്ചൊക്കെ ശരിയാകും. പ്രതീക്ഷകൾ കൂടെയുണ്ട്. നിലവിലെ ഉറച്ച സഹപ്രവർത്തകരും, ജോലി ചെയ്യുന്ന സ്ഥലത്തെ നല്ല നാട്ടുകാരും സഹൃദയരും കൂടെയുണ്ട്. ഏറെ വിയർപ്പൊഴുക്കേണ്ടി വരും, നിശ്ചയം. ഭീരുക്കൾ പലവട്ടം മരിക്കും, പക്ഷേ എനിക്കതിനാവില്ല. പരിശ്രമിക്കാൻ തന്നെ തീരുമാനം. എനിക്കുറപ്പുണ്ട്, ലക്ഷ്യം ശരിയെങ്കിൽ, മാർഗം ശരിയെങ്കിൽ, വിജയിക്കുക തന്നെ ചെയ്യും....'
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Vellarikundu Joint RTO Najeeb A.K. has responded via a Facebook post to criticism and cyber-attacks following the detention of three tour buses carrying 102 students of St. Jude's HSS on November 18. The Motor Vehicles Department had delayed the trip for over three hours over unverified documents before permitting travel with fines.
#KasargodVartha #VellarikunduNews #KasaragodNews #KeralaMVD #JointRTO #SchoolTourControversy #ChildRightsCommission #MalayalamNews #AparnaNews






