city-gold-ad-for-blogger

വണ്ടാനത്തെ ശസ്ത്രക്രിയാ വിവാദം; ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; കുടുങ്ങിയത് കത്രികയല്ലെന്നും, ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും ഡോ. ലളിതാംബിക

Entrance of Vandanam Medical College Hospital in Alappuzha.
Image Credit: Facebook/Abhilash Mohanan

● ഉപകരണം വയറ്റിൽ കുടുങ്ങിയത് സിസ്റ്റത്തിന്റെ പരാജയമാണെന്നും ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.
● ഈ ഉപകരണം 50 വർഷം ശരീരത്തിനുള്ളിൽ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്ന ഡോക്ടറുടെ വാദം ചർച്ചയാകുന്നു.
● രോഗിക്ക് അനുഭവപ്പെട്ട വേദനയ്ക്ക് കാരണം ഈ ഉപകരണമല്ല, മറിച്ച് യൂറിനറി സ്റ്റോൺ (മൂത്രത്തിൽ കല്ല്) ആണെന്നും ഡോക്ടർ പറഞ്ഞു.
● താൻ രോഗികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഡോ. ലളിതാംബിക കൈക്കൂലി ആരോപണങ്ങൾ തള്ളി.

ആലപ്പുഴ: (KasargodVartha) വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. 

വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും നഴ്സിങ് ഓഫീസർ ധന്യയെയും സസ്പെൻഡ് ചെയ്തു. അതിനിടെ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി മുൻ യൂണിറ്റ് ചീഫ് ഡോ. ലളിതാംബിക രംഗത്തെത്തി.

ശസ്ത്രക്രിയ നടത്തിയത് ഞാനല്ല

വിവാദമായ ഈ ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയുമെന്ന് ഡോ. ലളിതാംബിക മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലായിരുന്നു ശസ്ത്രക്രിയ നടന്നത്. 

അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് രേഖകളിൽ വരുന്നത് സ്വാഭാവികമാണ്. ആ സമയത്ത് കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സയ്ക്കായിരുന്നു താൻ മുൻഗണന നൽകിയിരുന്നതെന്നും ഡോക്ടർ വിശദീകരിച്ചു.

മൂന്നര കിലോ തൂക്കമുള്ളതും ക്യാൻസർ ആണോ എന്ന് സംശയമുള്ളതുമായ ഒരു ട്യൂമർ നീക്കം ചെയ്യാനാണ് പ്രസ്തു‌ത രോഗിയെ അഡ്‌മിറ്റ്‌ ചെയ്ത‌ത്. എന്നാൽ ആ സമയത്ത് നടന്ന ശസ്ത്രക്രിയയിൽ താൻ നേരിട്ട് പങ്കെടുത്തിട്ടില്ല. ശസ്ത്രക്രിയ രജിസ്റ്ററും നോട്ടും പരിശോധിച്ചാൽ യഥാർത്ഥത്തിൽ ശസ്ത്രക്രിയ ചെയ്‌തത്‌ ആരാണെന്ന് വ്യക്തമാകുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. 

അതേസമയം, 2021-ൽ ഡോ. ലളിതാംബികയെയാണ് താൻ കാണിച്ചിരുന്നതെന്നും എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ട്‌ടർ ആരാണെന്ന് അറിയില്ലെന്നുമാണ് രോഗിയായ ഉഷ ജോസഫ് പറയുന്നത്.

കുടുങ്ങിയത് കത്രികയല്ല

ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്കിറ്റോയെന്ന വളരെ ചെറിയ ഉപകരണമാണെന്നും ഡോ. ലളിതാംബിക വ്യക്തമാക്കി. 'എക്‌സറേയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണത്. 

എന്നാലും അത് വയറ്റിൽ പോകാൻ പാടില്ല. ഉപകരണങ്ങളുടെ എണ്ണം സാധാരണ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും എണ്ണി തിട്ടപ്പെടുത്താൻ ആളുണ്ടാകും. സർക്കാർ ആശുപത്രികളിൽ ഇതിന് പ്രത്യേക ജീവനക്കാരില്ല. ഡോക്‌ടറും നഴ്സുമാണ് എണ്ണാറുള്ളത്. അതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം' എന്ന് ഡോ. ലളിതാംബിക പറഞ്ഞു.

ഈ സംഭവത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഇത് സിസ്റ്റത്തിന്റെ പരാജയമാണെന്നും ഡോക്‌ടർ അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയത് കൊണ്ട് മാത്രം രോഗിക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും, 50 വർഷം വരെ അത് ശരീരത്തിനുള്ളിൽ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്നും അവർ അവകാശപ്പെട്ടു. 

പരാതിപ്പെട്ട രോഗിക്ക് നിരന്തരമായി അനുഭവപ്പെട്ട വേദനയ്ക്ക് കാരണം ഈ ഉപകരണമല്ല, മറിച്ച് യൂറിനറി സ്റ്റോൺ ആണെന്ന് അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്തിയതായും ഡോക്ടർ വ്യക്തമാക്കി. രോഗിക്ക് മുമ്പ് നടന്ന മറ്റേതെങ്കിലും ശസ്ത്രക്രിയയ്ക്കിടെയാണോ ഈ ഉപകരണം കുടുങ്ങിയതെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കൈക്കൂലി ആരോപണം തള്ളി

താൻ ഇന്നുവരെ ചികിത്സയ്ക്കായി രോഗികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഡോക്‌ടർ ലളിതാംബിക പറഞ്ഞു. വളരെ തുച്ഛമായ ശമ്പളത്തിലാണ് 38 വർഷം ജോലി ചെയ്‌തതെന്നും രാഷ്ട്രീയക്കാരുടെ ശുപാർശയിൽ വരുന്നവരെപ്പോലും പണം വാങ്ങാതെയാണ് ചികിത്സിച്ചിട്ടുള്ളതെന്നും പരാതിക്കാരുടെ ആരോപണം നിഷേധിച്ചുകൊണ്ട് അവർ വ്യക്തമാക്കി.

അതേസമയം, ഉഷ ജോസഫിന്റെ പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ദ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധരാണ് അന്വേഷണം നടത്തിയത്. 

വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബിക സർവീസിൽ നിന്ന് വിരമിച്ചതിനാൽ, ഇവർക്ക് എതിരായ നടപടിയിലും ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം.

വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഈ വാർത്ത പങ്കുവെക്കുമല്ലോ. ഇത്തരം വാർത്തകൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Dr. Shahida and Nursing Officer Dhanya were suspended over the surgical negligence case at Alappuzha Medical College. Former Unit Chief Dr. Lalithambika denied performing the surgery and downplayed the risks of the object left inside.

#AlappuzhaMedicalCollege #Vandanam #MedicalNegligence #HealthDepartment #KeralaNews #JusticeForUsha #SurgicalError #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia