city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് പുഴയിൽ ചാടി മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; യുവതിയുടെ മൊഴിയിൽ സംശയം!

Valapattanam River
Photo: Special Arrangement

● പോലീസുകാരന്റെ ഭാര്യയായ യുവതിക്കൊപ്പമാണ് പുഴയിൽ ചാടിയത്.
● യുവതിക്ക് ശാരീരിക ക്ഷീണം ഇല്ലാതിരുന്നത് സംശയകരമെന്ന് നാട്ടുകാർ.
● സംഭവസ്ഥലത്ത് പോലീസുകാരുടെ സാന്നിധ്യവും ദുരൂഹത വർധിപ്പിക്കുന്നു.

ബേക്കൽ: (KasargodVartha)

ബേക്കൽ: (KasargodVartha) പോലീസുകാരന്റെ ഭാര്യയ്ക്കൊപ്പം യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പനയാൽ പെരിയാട്ടടുക്കത്തെ പരേതനായ മാധവൻ-ഭാർഗവി ദമ്പതികളുടെ മകൻ രാജു എന്ന രാജേഷ് (35) ആണ് മരിച്ചത്. 

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ യുവതിക്കൊപ്പമാണ് രാജേഷ് പുഴയിൽ ചാടിയതെന്നാണ് പറയുന്നത്. എന്നാൽ, ഒപ്പം ചാടിയ യുവതി നീന്തി കരയ്ക്ക് കയറി വളപട്ടണത്തെ പാറപ്പുറത്ത് ഇരിക്കുകയായിരുന്നു എന്ന് പറയുന്നു.

യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് ഭർത്താവ് ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് രാജേഷിന്റെ ബന്ധുക്കളും പരാതി നൽകിയിരുന്നു. 

രണ്ട് സംഭവങ്ങളിലും മിസ്സിംഗ് കേസ് എടുത്ത് ബേക്കൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവതിയെ വളപട്ടണം പുഴയോരത്ത് കണ്ടെത്തിയത്. തനിച്ചുകണ്ട യുവതിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ, താനും കാമുകനും പാലത്തിനുമുകളിൽനിന്ന് ചാടിയതാണെന്നും താൻ നീന്തി കരയ്ക്ക് കയറിയതാണെന്നും അവർ വെളിപ്പെടുത്തി. 

എന്നാൽ, തിരച്ചിൽ നടത്തിയിരുന്നെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് രാജേഷിന്റെ മൃതദേഹം പഴയങ്ങാടി മാട്ടൂൽ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്.

നേരത്തെ ഗൾഫിലായിരുന്ന രാജേഷ് നാട്ടിൽ പന്തൽ ജോലികൾ ചെയ്തുവരികയായിരുന്നു. രാജേഷും യുവതിയുടെ ഭർത്താവായ പോലീസുകാരനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടയിലാണ് രാജേഷ് യുവതിയുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്.

സംഭവസ്ഥലത്ത് യുവതിയെ കണ്ട നാട്ടുകാർ പറയുന്നത്, യുവതി പുഴയിൽ ചാടി എന്നതിന് യാതൊരു അസ്വാഭാവികതയും തോന്നിയില്ലെന്നാണ്. യുവതി കഴുത്തിൽ മാലയും കയ്യിൽ വളകളും അണിഞ്ഞിരുന്നു. ഇതൊന്നും കുത്തൊഴുക്കുള്ള പുഴയിലേക്ക് യുവാവിനോടൊപ്പം ചാടിയപ്പോൾ നഷ്ടപ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്ന് രാജേഷിന്റെ ബന്ധുക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു. 

തങ്ങൾ പുഴയിലേക്ക് ചാടി എന്ന് യുവതി പറയുന്ന സമയത്തിലും പൊരുത്തക്കേടുകളുണ്ട്. ആദ്യം പറഞ്ഞത് രാത്രി 11 മണിക്ക് ചാടി എന്നാണ്. പിന്നീട് അത് 12 മണിയെന്നായി മാറ്റിപ്പറഞ്ഞു. അവസാനം പറഞ്ഞത് പുലർച്ചെ അഞ്ച് മണിക്ക് ചാടിയെന്നാണ്. തനിക്ക് കയത്തിലടക്കം നീന്തൽ വശമുള്ളതുകൊണ്ടാണ് നീന്തിക്കയറാൻ കഴിഞ്ഞുവെന്ന് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നു. 

നീന്തൽ അറിയുന്ന യുവതി ഒരിക്കലും മരിക്കാൻ പുഴ തിരഞ്ഞെടുക്കാൻ ഇടയില്ലെന്നാണ് യുവാവിന്റെ വീട്ടുകാർ പറയുന്നത്. പുഴയിൽ ചാടിയെന്ന് പറയുന്ന യുവതി മുടിയൊക്കെ ഒതുക്കിക്കെട്ടിവച്ചിരുന്നു; ഇതൊക്കെ ദുരൂഹത വർധിപ്പിക്കുന്നു.

മരിക്കുന്നതിന് മുൻപ് രാജേഷ് തന്നെ വിളിച്ചിരുന്നുവെന്നും നിരാശ പ്രകടിപ്പിച്ചിരുന്നുവെന്നും യുവതി കൂടെയുള്ളതായി വ്യക്തമായി പറഞ്ഞില്ലെന്നും രാജേഷിന്റെ അടുത്ത ബന്ധു സിദ്ധാർത്ഥ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. 

മൂന്ന്-നാല് പോലീസുകാർ ടവർ ലൊക്കേഷൻ നോക്കി രാത്രി ഒൻപത് മണിക്ക് തന്നെ വളപട്ടണത്തെത്തിയിരുന്നു. ഇവിടത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരോടും മറ്റും ഇവർ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തിയിരുന്നു. ഇവർ ചാടിയെന്ന് പറയുന്ന വളപട്ടണം പാലത്തിന് സമീപത്ത് തന്നെയായിരുന്നു അവർ ഉണ്ടായിരുന്നത്. 

അന്വേഷണത്തിൽ ബേക്കലിൽ നിന്ന് വന്ന പോലീസുകാരല്ല ഇവരെന്നും യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ പോലീസുകാരാണ് ഇവരെന്നും തങ്ങൾക്ക് മനസ്സിലായെന്നും രാജേഷിന്റെ ബന്ധുക്കൾ പറഞ്ഞു. വളപട്ടണം പോലീസും ബേക്കൽ പോലീസും എത്തിയിരുന്നുവെന്ന് തങ്ങളോട് പറഞ്ഞിരുന്നു. ഇതെല്ലാം സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്.

കാലിന് അല്പം സ്വാധീനക്കുറവുള്ള ആളാണ് രാജേഷ്. മഴക്കാലമായതുകൊണ്ട് ഒന്നിച്ചുചാടിയ ഇരുവർക്കും ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ലെന്നാണ് വളപട്ടണം പുഴയോരത്തുള്ളവർ തങ്ങളോട് പറഞ്ഞതെന്ന് യുവാവിന്റെ ബന്ധുക്കൾ പറയുന്നു. 

ഒഴുകുന്ന പുഴയിൽ നിന്ന് നാലഞ്ചു കിലോമീറ്റർ നീന്തി കരയ്ക്ക് കയറിയെന്ന് പറയുന്ന യുവതിക്ക് ഇതിന്റെ യാതൊരു ശാരീരിക ക്ഷീണവും ഉണ്ടായിരുന്നില്ലെന്ന് ഇവരെ കണ്ട നാട്ടുകാർ തങ്ങളോട് പറഞ്ഞിരുന്നുവെന്നും യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ ഇവരുടെ ഒളിച്ചോട്ടത്തിലും പുഴയിൽ ചാടിയെന്ന് പറയുന്ന സംഭവത്തിലും അടിമുടി ദുരൂഹതയാണ് ഉള്ളത്. 

ഞായറാഴ്ച രാവിലെ 10.30-ന് കാസർകോട് നിന്നും കണ്ണൂരിലേക്കുള്ള ട്രെയിനിൽ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കയറിയാണ് തങ്ങൾ വളപട്ടണത്തെത്തിയതെന്നും യുവതി പറഞ്ഞിരുന്നു. ഇതിനുശേഷം ഇത്രയും സമയം ഇവർ പാലത്തിന് പരിസരത്ത് തന്നെയായിരുന്നോ എന്നതും ദുരൂഹതയായിത്തന്നെ നിലനിൽക്കുകയാണ്. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യുവാവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Article Summary: Relatives allege mystery in youth's river death, doubt woman's statement.

#KeralaCrime #RiverMystery #Valapattanam #JusticeForRajesh #SuspiciousDeath #Kasaragod

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia