ഉത്ര വധക്കേസ്: ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ബുധനാഴ്ച
കൊല്ലം: (www.kasargodvartha.com 11.10.2021) മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് അഞ്ചല്‍ സ്വദേശിനി ഉത്രയെ (22) കൊലപ്പെടുത്തിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരെന്ന് കോടതി. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ പ്രത്യേകതയുള്ള കേസില്‍ കോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷ ബുധനാഴ്ച.
വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയാണെന്ന അവകാശവാദമാണ് പ്രതിയായ സൂരജ് കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ വാദം പൊളിക്കാന്‍ സാധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പ്രോസിക്യൂഷന്‍, സൂരജിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
അഞ്ചല്‍ ഏറം വെള്ളാശ്ശേരിയില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകള്‍ ഉത്രയെ സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. കേസില്‍ 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്നു സി ഡികളും ഹാജരാക്കുകയും ചെയ്തു.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പ് കടിച്ച് മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സംഭവത്തിനുമുമ്പ് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വെച്ച് അണലിയെക്കൊണ്ട് ഉത്രയെ കടുപ്പിച്ചിരുന്നു. അതിന്റെ ചികിത്സക്കു ശേഷം വിശ്രമിക്കുമ്‌ബോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിച്ചെന്ന അപൂര്‍വതയും കേസിനുണ്ട്.
പാമ്പിനെ ബലം പ്രയോഗിച്ച് കടിപ്പിക്കുകയായിരുന്നെന്ന് തെളിയിക്കാന്‍ അന്വേഷണസംഘം മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തി തെളിവായി കോടതിയില്‍ സമര്‍പിച്ചിരുന്നു. നിര്‍ണായകമായ മൊഴി നല്‍കിയ പാമ്പുപിടുത്തക്കാരന്‍ ചാവരുകാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.
Keywords: News, Kerala, State, Kollam, Top-Headlines, Crime, Court, Case, Uthra's husband Sooraj convicted in her murder case