city-gold-ad-for-blogger

'നൗഫലിനെ കൊന്നതാണ്': അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ഉപ്പള റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മാതാപിതാക്കൾ

Family of Mangaluru Man Found Dead on Rail Track Alleges Murder, Seeks Effective Kerala Police Investigation
Image Credit: Screenshot of an Arranged Video

● മംഗളൂരു ബജെയിലെ നൗഫലാണ് കഴിഞ്ഞ ദിവസം മരിച്ചത്. 
● ട്രെയിൻ തട്ടിയാണ്‌ മരണം സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ്‌ മഞ്ചേശ്വരം പോലീസ്.
● കഴുത്തിലെ ആഴത്തിലുള്ള മുറിവ് വെട്ടേറ്റതാണെന്ന് ഭാര്യാസഹോദരൻ അൻസാർ ആരോപിക്കുന്നു.
● നൗഫലിന്‌ ഒരപാട് ശത്രുക്കളുണ്ട്: കൃത്യമായ വിവരങ്ങൾ പോലീസിന്‌ കൈമാറിയതായി ബന്ധുക്കൾ.
● വീട്ടുകാരുടെ സംശയങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.

ഉപ്പള: (KasargodVartha) മംഗളൂരു ബജെയിലെ നൗഫലി (42)ന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ മാതാപിതാക്കളും കുടുംബവും നാട്ടുകാരും രംഗത്ത് വന്നു. ഉപ്പള റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നൗഫലിനെ ശത്രുക്കൾ കൊലപ്പെടുത്തിയതാണെന്നാണ്‌ മാതാപിതാക്കളായ മൈമൂനയും ബഷീറും ആരോപിക്കുന്നത്.

മഞ്ചേശ്വരം പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെങ്കിലും ട്രെയിൻ തട്ടിയാണ്‌ സംഭവം നടന്നതെന്ന നിഗമനത്തിലാണ്‌ എത്തിച്ചേർന്നിട്ടുള്ളതെന്ന വിവരമാണ്‌ പുറത്ത് വരുന്നത്. ഇരട്ടക്കൊലയടക്കം നാല് കൊലക്കേസുകളിൽ പ്രതിയായിരുന്നു നൗഫൽ. നൗഫലിൻ്റെ മരണം വൻ ചർച്ചാവിഷയമായിരിക്കുകയാണ്‌.

കൊലപാതകമെന്ന് ആരോപണം

നൗഫലിൻ്റെ കഴുത്തിൽ കണ്ട പരിക്ക് ‘വെട്ടേറ്റതാണ്‌’ എന്ന് ഭാര്യാസഹോദരൻ അൻസാർ ആരോപിക്കുന്നു. ‘അവൻ മുമ്പ് ചെയ്ത കുറ്റങ്ങൾ ഞങ്ങൾ ന്യായീകരിക്കുന്നില്ല. കോടതി തെറ്റുകാരനെന്ന് കണ്ടെത്തിയാൽ ശിക്ഷ നൽകട്ടെ’ എന്നാണ്‌ തങ്ങൾ നിലപാട് സ്വീകരിച്ചിരുന്നതെന്നും അൻസാർ പറഞ്ഞു.

‘നൗഫലിന്‌ ഒരപാട് ശത്രുക്കൾ ഉണ്ട്. അവർ കൃത്യമായി പ്ലാൻ ചെയ്ത് നടത്തിയ കൊലപാതകമാണെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവും ഇല്ല’ എന്നും അൻസാർ പറഞ്ഞു. അന്യായമായ കാര്യത്തിന്‌ തെറ്റ് ചെയ്ത ആളല്ല നൗഫലെന്നും നാട്ടിൽ ഒരു പ്രശ്നത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും ഒരപാട് പേർക്ക് നല്ല കാര്യങ്ങൾ ചെയ്ത് കൊടുത്തിട്ടുണ്ട് എന്നും അൻസാർ പറഞ്ഞു.

നൗഫൽ ട്രെയിൻ തട്ടി മരിച്ചതായി കരുതുന്നില്ലെന്നും അവന്റെ ശത്രുക്കൾ അവനെ കൊന്ന് റെയിൽവെ ട്രാക്കിന്‌ സമീപം കൊണ്ടിട്ടതാണെന്നും നാട്ടുകാരനായ ജുനൈദും പറയുന്നു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും തങ്ങൾക്ക് നീതിയും ന്യായവും കിട്ടണമെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു.

പോലീസ് അന്വേഷണം

മഞ്ചേശ്വരം പോലീസിന്‌ നൗഫലിന്റെ ശത്രുക്കളുടെ കൃത്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയാൽ മരണം കൊലപാതകമാണെന്ന് തെളിയുമെന്നും കേരള പോലീസ് മികച്ച അന്വേഷണ സംഘമാണെന്നും തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ഇവർ പറയുന്നു.

കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും വീട്ടുകാരുടെ സംശയങ്ങൾ കൂടി പരിശോധിക്കുമെന്നുമാണ്‌ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കഴുത്തിൽ കണ്ട ആഴത്തിലുള്ള മുറിവ് ട്രെയിൻ തട്ടിയപ്പോൾ ട്രാക്കിനരികിലെ മൂർച്ചയുള്ള ഇരുമ്പ് തൂണിൽ തെറിച്ചുവീണതിനാലാണ്‌ സംഭവിച്ചതെന്ന സംശയത്തിലേക്ക് പോലീസ് സർജൻ നിഗമനത്തിലെത്തിയതായാണ്‌ നേരത്തേ പുറത്ത് വന്ന വിവരം.

സംഭവത്തിലെ ദുരൂഹത

ഉപ്പള മണിമുണ്ടയിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കർണ്ണാടക രജിസ്‌ട്രേഷനിലുള്ള സ്കൂട്ടറിൽ എത്തിയതായിരുന്നു നൗഫൽ. വിവാഹത്തിൽ പങ്കെടുത്ത ശേഷം രാത്രി 12 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വിവാഹ വീട്ടിൽ നിന്നും പോയിരുന്നു. പിന്നീട്, മഞ്ചേശ്വരം ബഡാജെ പാലത്തിന്‌ സമീപം സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലത്ത് വെച്ച് സുഹൃത്തുക്കളുമൊന്നിച്ച് ഇയാൾ മയക്കുമരുന്ന് ശരീരത്തിൽ കുത്തിവെച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്.

ഏറെ സമയം കഴിഞ്ഞ് സുഹൃത്തുക്കൾ എല്ലാവരും പോകുന്നുവെന്ന് പറഞ്ഞ് പോയപ്പോൾ തനിച്ചായ യുവാവ് ഭയപ്പെട്ട് ധരിച്ച ഷൂ സ്കൂട്ടറിന്‌ മുകളിൽ വെച്ച് ലക്ഷ്യബോധമില്ലാതെ നടന്ന് റെയിൽവെ ട്രാക്കിലെത്തിയപ്പോൾ ട്രെയിനിടിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ്‌ പോലീസ് തുടക്കത്തിൽ എത്തിച്ചേർന്നിരുന്നത്. സംഭവസ്ഥലം പരിശോധിച്ച വിരലടയാള വിദഗ്ധരും പോലീസ് നായയും അന്വേഷണത്തിൽ സഹായിച്ചു.

സ്കൂട്ടറിന്റെ മുൻവശത്തെ പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ നൗഫലിന്റെ ഒരു ജോഡി ഷൂ കൂടി കണ്ടെത്തിയിരുന്നു. സ്കൂട്ടറിന്റെയും ഷൂവിന്റെയും മണം പിടിച്ച് നായ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം ഓടിയിരുന്നു, ഒടുവിൽ നൗഫലിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഉപ്പള ഗേറ്റിന്‌ സമീപമുള്ള റെയിൽവെ ട്രാക്ക് ഭാഗത്ത് എത്തി നിൽക്കുകയായിരുന്നു.

ബഡാജെ പാലത്തിന്‌ സമീപം രാത്രി സമയങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ ഒരു സംഘം എത്താറുണ്ടെന്ന് നാട്ടുകാർ പോലീസിന്‌ മൊഴി നൽകിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് തലേന്നാൾ ഫോണിൽ ബന്ധപ്പെട്ടവരും നൗഫലിനോട് അടുത്ത ബന്ധമുള്ളവരുമടക്കം 12 പേരെ മഞ്ചേശ്വരം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരു കൊലക്കേസ് പ്രതിയും ഉൾപ്പെട്ടിരുന്നു.

നൗഫലിന്റെ മരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. നീതിയും ന്യായവും ലഭിക്കാൻ പോലീസ് അന്വേഷണം കൂടുതൽ ശക്തമാക്കേണ്ടതുണ്ടോ?

Article Summary: Family alleges murder in Uppala rail death; police probe ongoing.

#Uppala #Kasaragod #MurderAllegation #RailDeath #KeralaPolice #Naufal

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia