Video | നടുറോഡിൽ കാറുകൾ കൊണ്ട് ഉഗ്രൻ പോര്, വെട്ടുകത്തിയേറും! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായി; പിന്നാലെ 2 യുവാക്കൾ അറസ്റ്റിൽ
മംഗ്ളുറു: (KasaragodVartha) ഉഡുപി - മണിപ്പാൽ ദേശീയപാതയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആശിഖ്, റാകിബ് എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. രണ്ട് സ്വിഫ്റ്റ് കാറുകൾ, രണ്ട് ബൈകുകൾ, ഒരു വാൾ, ഒരു കഠാര എന്നിവ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തതായി ഉഡുപി എസ്പി ഡോ. കെ അരുൺ അറിയിച്ചു.
ഇരു സംഘങ്ങളിലെയും യുവാക്കൾ കൗപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരാണെന്നാണ് റിപോർട്. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാർ വിൽപനയുമായി ബന്ധപ്പെട്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.
മെയ് 18 ന് രാത്രിയാണ് രണ്ട് സംഘങ്ങൾ സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടിയത്. വെള്ളയും കറുപ്പും നിറങ്ങളിലുള്ള കാറുകളിലെത്തിയ സംഘങ്ങൾ നടുറോഡിൽ വാക്കേറ്റത്തിലേർപ്പെടുകയും ബഹളത്തിനിടെ ഒരു സംഘം കാർ കൊണ്ട് മറ്റേ കാറിന് ഇടിക്കുകയും ചെയ്തു. തുടർന്ന് എതിർ സംഘത്തിലെ ഒരാൾ മറ്റൊരു സംഘത്തെ ആക്രമിക്കുകയായിരുന്നു.
ദേശീയപാതയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ; ഉഡുപിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
— Kasargod Vartha (@KasargodVartha) May 25, 2024
(മുന്നറിയിപ്പ്: ഈ വീഡിയോയിലുള്ള രംഗങ്ങൾ ചിലർക്ക്, പ്രത്യേകിച്ച് ലോല ഹൃദയമുള്ളവർക്കും കുട്ടികൾക്കും ഞെട്ടലും മനഃപ്രയാസവും ഉണ്ടാക്കാം. അത്തരക്കാർ ഇത് കാണാതിരിക്കുക) pic.twitter.com/bSz648Ivj3
ഇയാൾ എറിഞ്ഞ വെട്ടുകത്തി കാറിന് മുകളിൽ വീഴുകയും കാറിൻ്റെ ചില്ല് തകരുകയും ചെയ്തു. ഈ സമയം രോഷാകുലരായ സംഘം കാർ മുന്നോട്ട് ഓടിക്കുകയും തിരികെ വരികയും എതിർ സംഘത്തിൻ്റെ കാർ വീണ്ടും ഇടിക്കുകയും ചെയ്തു. അതിനുപുറമെ, കാർ അതിവേഗത്തിൽ ഓടിച്ചിട്ട് എതിർ സംഘത്തിലെ ഒരാളെ ഇടിക്കുന്നതും ഇയാൾ ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
പിടിയിലായവരെ കോടതിയിൽ ഹാജരാക്കി ജൂൺ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മുന്നറിയിപ്പ്: ⚠
ഈ വീഡിയോയിലുള്ള രംഗങ്ങൾ ചിലർക്ക്, പ്രത്യേകിച്ച് ലോല ഹൃദയമുള്ളവർക്കും കുട്ടികൾക്കും ഞെട്ടലും മനഃപ്രയാസവും ഉണ്ടാക്കാം. അത്തരക്കാർ ഇത് കാണാതിരിക്കുക.