ചട്ടഞ്ചാൽ 55-ാം മൈൽ ദേശീയ പാതയിൽ ബിഎംഡബ്ല്യൂ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; കർണാടക സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
● മുഹമ്മദ് ഷഫീഖ്, ആഷിഫ് മുഹമ്മദ് എന്നിവരാണ് മരിച്ചത്.
● വയനാട്ടിൽ ബിസിനസ് ആവശ്യത്തിന് പോയി മടങ്ങുന്നതിനിടെയാണ് ദുരന്തം.
● ഇടിയുടെ ആഘാതത്തിൽ ആഡംബര കാർ പൂർണമായും തകർന്നു.
● ഫയർഫോഴ്‌സ് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
● പരിക്കേറ്റ സുഹൃത്തുക്കളായ ഹാഷിം, റിയാസ് എന്നിവർ ചെങ്കളയിലെ ആശുപത്രിയിൽ.
● മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
കാസർകോട്: (KasargodVratha) ചട്ടഞ്ചാൽ തെക്കിൽപ്പറമ്പ് 55-ാം മൈലിൽ ബി.എം.ഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ വൻ അപകടത്തിൽ രണ്ടു പേർ മരിച്ചു. കർണാടക സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ദേർളകട്ട നാട്ടക്കൽ അക്ബർ മൻസിലിൽ പതം അബ്ബാസ് - മറിയം ദമ്പതികളുടെ മകൻ മുഹമ്മദ് ഷഫീഖ് (23), കർണ്ണാടക ഉള്ളാൾ ലക്ഷ്മൺ കട്ട സജിപ്പനാടുവിലെ പരേതനായ എസ്.ബി മുഹമ്മദ് - റുഖിയ ദമ്പതികളുടെ മകൻ ആഷിഫ് മുഹമ്മദ് (41) എന്നിവരാണ് മരിച്ചത്.
അപകടം വയനാട്ടിൽ നിന്നുള്ള മടക്കയാത്രയിൽ
കുപ്പിവെള്ള കമ്പനി തുടങ്ങുന്നതിൻ്റെ ഭാഗമായി വയനാട്ടിൽ നടന്ന ബിസിനസ് പരിപാടിയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന ലോറി കാറിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ നാലുപേരുണ്ടായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാസർകോട്ടുനിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഇവരുടെ സുഹൃത്തുക്കളായ ഹാഷിം (23), റിയാസ് (24) എന്നിവരെ ചെങ്കളയിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മാലിക്ക് ദിനാർ പള്ളിയിൽ കുളിപ്പിക്കും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കുടുംബം
മുഹമ്മദ് ഷഫീഖ്: സഹോദരങ്ങൾ - സിദ്ദിഖ് അക്ബർ, ആയിഷ സാജിദ.
ആഷിഫ് മുഹമ്മദ്: ഭാര്യ - മിസ്രിയ. മക്കൾ - ഈമാൻ, ആസൂറ. സഹോദരങ്ങൾ - ഹംസ, അയ്യൂബ്, ലത്തീഫ്, അൽത്താഫ്, അസ്മ, ആയിഷ.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Two youths from Mangalore died and two others were injured when their BMW car collided with a lorry at Chattanchal, Kasaragod. The accident occurred while they were returning from Wayanad.
#KasaragodAccident #Chattanchal #MangaloreYouths #RoadSafety #KeralaNews #BMWAccident #Thekkilparamba






