Drug Smuggling | ബൈകിൽ കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് 2 വർഷം കഠിന തടവും പിഴയും
● പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്ന് മാസം അധിക തടവ് അനുഭവിക്കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
● ബൈകിൽ ഒളിപ്പിച്ച നിലയിൽ 1.250 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
● കാസർകോട് എസ്ഐ ആയിരുന്ന പി അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയതും കഞ്ചാവ് കണ്ടെടുത്തതും.
കാസർകോട്: (KasargodVartha) ബൈകിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസിക്കുന്ന ശായിസ് അൽ അമീൻ (30) എന്നയാളെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (2) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്ന് മാസം അധിക തടവ് അനുഭവിക്കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2017 ഓഗസ്റ്റ് 18-ന് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് നമ്പർ പ്ലേറ്റില്ലാത്ത ബൈകിൽ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുകയായിരുന്ന ശായിസ് അൽ അമീനെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈകിൽ ഒളിപ്പിച്ച നിലയിൽ 1.250 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
വിൽപനക്കായി കടത്തിക്കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അന്ന് കാസർകോട് എസ്ഐ ആയിരുന്ന പി അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയതും കഞ്ചാവ് കണ്ടെടുത്തതും.
കേസിന്റെ തുടരന്വേഷണം കാസർകോട് ഇൻസ്പെക്ടറായിരുന്ന സി എ അബ്ദുൽ റഹീം ആണ് നടത്തിയത്. അദ്ദേഹം തന്നെയാണ് കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
#CannabisSmuggling, #Kasaragod, #CourtVerdict, #DrugTrafficking, #PoliceRaid, #DrugCase