Crime | 'എൻജിനീയറിംഗ് കോളജിൻ്റെ ഗ്രിൽസുകൾ ഇളക്കിയെടുത്ത് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമം'; 2 പേർ അറസ്റ്റിൽ
പെർളയിലെ സെൻ്റ് ഗ്രിഗോറിയസ് എൻജിനീയറിംഗ് കോളജിലാണ് സംഭവം
ബദിയഡുക്ക: (KasargodVartha) പെർളയിലെ സെൻ്റ് ഗ്രിഗോറിയസ് എൻജിനീയറിംഗ് കോളജിൻ്റെ ഗ്രിൽസുകൾ ഇളക്കിയെടുത്ത് പികപ് വാനിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സുദീർ നായിക് (25), രവീന്ദ്രൻ നായിക് (22) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ, പൂട്ടിക്കിടന്ന കോളജിൻ്റെ കാവൽക്കാരൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് പ്രതികൾ എത്തി കെട്ടിടത്തിൻ്റെ 19 ഇരുമ്പ് ഗ്രിൽസുകൾ ഇളക്കിയെടുത്ത് പികപിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരൻ കോട്ടയം എടമുറക്കിലെ മഹേഷ് മോഹൻ പ്രതികളെയും വാഹനത്തെയും തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി പ്രതികളെയും തൊണ്ടിമുതലിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. മുൻ സ്പീകർ ടി പി ജോണിൻ്റെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ കോളജ് പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. ഇപ്പോൾ കാവൽക്കാരൻ മാത്രമാണ് അവിടെയുള്ളത്.